ലഖ്നൗ: വൈറ്റ് കോളര്‍ തീവ്രവാദ മൊഡ്യൂളുമായി ബന്ധപ്പെട്ട് അറസ്റ്റിലായവര്‍ വിദേശത്തുനിന്നടക്കം ആയുധങ്ങള്‍ വാങ്ങിയെന്ന് വെളിപ്പെടുത്തല്‍. രാജ്യത്താകെ സ്ഫോടനം നടത്തുക എന്ന ഉദ്ദേശത്തോടെ ഇവര്‍ വലിയതോതില്‍ സ്ഫോടകവസ്തുക്കള്‍ സംഭരിച്ചിരുന്നുവെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
പാക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെയ്ഷെ മുഹമ്മദുമായി ബന്ധമുള്ളവരാണ് വൈറ്റ് കോളര്‍ തീവ്രവാദ മൊഡ്യുളില്‍ അറസ്റ്റിലായവര്‍. ഇതില്‍ അന്വേഷണ സംഘം അറസ്റ്റ് ചെയ്ത മുസമ്മില്‍ ഗനായി, ഷഹീന് സായിദ്, അദീല്‍ റാഥര്‍ എന്നിവരാണ് കേസില്‍ അറസ്റ്റിലായ ഡോക്ടര്‍മാര്‍.
ഇതില്‍ മുസമ്മില്‍ അഞ്ചുലക്ഷം രൂപ വിലവരുന്ന റഷ്യന്‍ നിര്‍മിത എ.കെ-56 റൈഫിൾ വാങ്ങിയെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. അറസ്റ്റിലായ ഷഹീന് സയീദ് വഴിയാണ് മുസമ്മില്‍ റൈഫിള്‍ വാങ്ങിയത്. ഇത് പിന്നീട് അന്വേഷണ സംഘം അദീലിന്റെ ലോക്കറില്‍ നിന്ന് കണ്ടെത്തിയിരുന്നു.മറ്റൊരു റഷ്യന്‍ നിര്‍മിത അസോള്‍ട്ട് റൈഫിളായ എ.കെ ക്രിന്‍കോവ്, ഒരു ചൈനീസ് സ്റ്റാര്‍ പിസ്റ്റള്‍, ബെരേറ്റ പിസ്റ്റള്‍, 2900 കിലോഗ്രാം സ്ഫോടകവസ്തുക്കള്‍ എന്നിവയാണ് ഇവരില്‍ നിന്ന് പിന്നീട് കണ്ടെടുത്തത്. അദീലിന്റെ ലോക്കറില്‍ നിന്ന് എ.കെ-56 കണ്ടെത്തിയതാണ് കേസില്‍ നിര്‍ണായക വഴിത്തിരിവായത്. ഭീകരവാദികളുടെ ലക്ഷ്യങ്ങള്‍ എത്രത്തോളം അപകടകരമാണെന്ന് അന്വേഷണ സംഘം അപ്പോഴാണ് തിരിച്ചറിഞ്ഞത്.


