ഡൽഹി: പ്രമുഖ എഡ്യുക്കേഷണല്‍ ടെക് സ്ഥാപനമായ ബൈജൂസിന്റെ സ്ഥാപകൻ ബൈജു രവീന്ദ്രന് യുഎസ് കോടതിയിൽ തിരിച്ചടി. 1.07 ബില്യണിലധികം ഡോളര്‍(9600 കോടി രൂപ) പിഴ ചുമത്തി യുഎസിലെ ഡെലവെയര്‍ പാപ്പരത്ത കോടതി. കമ്പനിയുടെ യുഎസ് ഫിനാൻസിങ് വിഭാഗമായ ബൈജൂസ് ആൽഫയിൽ നിന്ന് ഫണ്ട് നീക്കം ചെയ്യുകയും മറച്ചുവെക്കുകയും ചെയ്തതിന് ബൈജുവിന് ഉത്തരവാദിയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഡിഫോൾട്ട് വിധി.
കോടതിയിൽ ഹാജരാകാനും രേഖകൾ നൽകാനുമുള്ള നിർദേശങ്ങൾ പാലിക്കുന്നതിൽ രവീന്ദ്രൻ ആവർത്തിച്ച് പരാജയപ്പെട്ടതിനെ തുടർന്നാണ് ഡെലവെയർ പാപ്പരത്ത കോടതിയിലെ ജഡ്ജി ബ്രെൻഡൻ ഷാനൻ ഡിഫോൾട്ട് വിധി പുറപ്പെടുവിച്ചതെന്ന് ഒന്നിലധികം മാധ്യമ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ഒരു കക്ഷി വ്യവഹാരത്തിൽ പങ്കെടുക്കാതിരിക്കുമ്പോഴോ കോടതി ഉത്തരവുകൾ അവഗണിക്കുമ്പോഴോ പുറപ്പെടുവിക്കുന്ന ഒരു വിധിയാണ് ഡിഫോൾട്ട് വിധി. വിചാരണ കൂടാതെ കേസ് തീരുമാനിക്കാൻ ഇത് കോടതിയെ അനുവദിക്കുന്നു.


