വാരണാസി : പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വാരണാസിയില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് തറക്കല്ലിടും. തന്റെ പാര്‍ലമെന്റ് മണ്ഡലത്തിലെത്തുന്ന മോദി, വനിതാ റാലിയെ അഭിസംബോധന ചെയ്യുകയും പാര്‍ലമെന്റ് പാസാക്കിയ വനിതാ സംവരണ ബില്ലിനെക്കുറിച്ച് സംസാരിക്കുകയും ചെയ്യും. നഗരത്തില്‍ പുതുതായി നിര്‍മ്മിച്ച 16 അടല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളും മോദി ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 1.30 ഓടെ അദ്ദേഹം വിമാനത്തില്‍ വാരണാസിയില്‍ എത്തിച്ചേരുമെന്നാണ് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.
‘പ്രധാനമന്ത്രി നരേന്ദ്ര മോദി ഗഞ്ജരിയില് ക്രിക്കറ്റ് സ്റ്റേഡിയത്തിന് തറക്കല്ലിടും. തുടര്‍ന്ന് സമ്പൂര്‍ണാനന്ദ സംസ്കൃത വിശ്വവിദ്യാലയത്തില്‍ 5,000-ത്തിലധികം സ്ത്രീകള്‍ പങ്കെടുക്കുന്ന നാരി ശക്തി വന്ദന്‍ അധീനിയം 2023 റാലിയെ അദ്ദേഹം അഭിസംബോധന ചെയ്യും’ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെക്കുറിച്ച് വാരണാസി കമ്മീഷണര്‍ കൗശല്‍ രാജ് ശര്‍മ്മ പിടിഐയോട് പറഞ്ഞു.
തുടര്‍ന്ന് പ്രധാനമന്ത്രി രുദ്രാക്ഷ് കേന്ദ്രത്തില്‍ എത്തുമെന്നും അവിടെ പുതുതായി നിര്‍മിച്ച 16 അടല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകള്‍ ഉദ്ഘാടനം ചെയ്യുമെന്നും ശര്‍മ്മ പറഞ്ഞു. ബിസിസിഐ പ്രസിഡന്റ് റോജര്‍ ബിന്നി, വൈസ് പ്രസിഡന്റ് രാജീവ് ശുക്ല, സെക്രട്ടറി ജയ് ഷാ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. കാണ്‍പൂരിനും ലഖ്നൗവിനും ശേഷം ഉത്തര്‍പ്രദേശിലെ മൂന്നാമത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയമാകും ഇത്.


