ആന്ധ്രയിൽ രാഷ്ട്രീയ പോര് മുറുകുന്നതിനിടെ വൈഎസ്ആർ കോൺഗ്രസിനെതിരേ പുതിയ ആരോപണവുമായി ടിഡിപി. അഞ്ച് വർഷക്കാലത്ത് ജഗൻ മോഹൻ റെഡ്ഡിക്ക് മുട്ട പഫ്സ് വാങ്ങാനായി മുഖ്യമന്ത്രിയുടെ ഓഫീസ് ചെലവഴിച്ചത് 3.62 കോടി രൂപയാണെന്നാണ് ഭരണകക്ഷിയായ തെലുങ്കുദേശം പാർട്ടിയുടെ (ടിഡിപി) ആരോപണം. ഭരിച്ച അഞ്ച് വർഷകാലയളവിനുള്ളിൽ (2019 – 2024) ജഗൻ മോഹൻ റെഡ്ഡിയുടെ ഗുണ്ടൂർ ജില്ലയിലെ മംഗളഗിരിക്കടുത്തുള്ള തഡെപള്ളിയിലെ എസ്റ്റേറ്റിലെത്തുന്ന സന്ദർശകർക്ക് മുട്ട പഫ്സ് വാങ്ങാനായി മുഖ്യമന്ത്രിയുടെ ഓഫീസ് ചെലവഴിച്ചത് 3.62 കോടി രൂപയാണെന്നാണ് ഭരണകക്ഷിയായ തെലുങ്കുദേശം പാർട്ടിയുടെ (ടിഡിപി) ആരോപണം.
ജഗന്റെ ഭരണകാലത്ത് പൊതുപണം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടതായാണ് ആരോപണം. കണക്ക് പ്രകാരം 72 ലക്ഷം രൂപ ഒരുവര്‍ഷം ചെലവാകണമെങ്കില്‍ അതിന്റെ വിലവച്ച് പ്രതിദിനം 993 പഫ്സുകള്‍ വാങ്ങേണ്ടി വരും. അങ്ങനെയെങ്കിൽ 5 വർഷത്തിനിടെ വാങ്ങിയത് 18 ലക്ഷം പഫ്സുകളെന്ന് കരുതേണ്ടിവരുമെന്ന് ടിഡിപി ആരോപിക്കുന്നു. ലഘുഭക്ഷണത്തിനായി ചെലവഴിച്ച തുക പെരുപ്പിച്ച് കാണിച്ച് ജഗൻ മോഹൻ റെഡ്ഡിയെ അപമാനിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും ആരോപണം വ്യാജമാണെന്നും വൈഎസ്ആർ കോൺഗ്രസ് പ്രതികരിച്ചു. ആരോപണം തെളിയിക്കാനും പാർട്ടി വെല്ലുവിളിച്ചു.‘എഗ് പഫ് അഴിമതി’ അന്വേഷിക്കണമെന്നും വൈഎസ്ആർ കോൺഗ്രസിൽ നിന്ന് പണം തിരിച്ചുപിടിക്കണമെന്നും ടിഡിപി നേതാക്കൾ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.


