മധുര: തമിഴ്നാട്ടിലെ മധുരയില്‍ 65 വയസുള്ള സ്ത്രീ രണ്ട് ദശകമായി കഴിയുന്നത് പൊതുശൗചാലയത്തില്‍. മധുരയിലെ രാംനാഥിലാണ് ദുരിതജീവിതം തള്ളിനീക്കുന്ന ഈ സ്ത്രീയുള്ളത്. മധുര സ്വദേശിനി കറുപ്പയ്യി കഴിഞ്ഞ 19 വര്‍ഷമായി പൊതുശൗചാലയത്തിലാണ് കഴിയുന്നത്.
ഈ ശൗചാലയം ശുചിയാക്കുന്നതും കറുപ്പയ്യി ആണ്. ഇതിന് ഇവര്‍ക്ക് 70 മുതല്‍ 80 രൂപ വരെ ദിവസവും ലഭിക്കും. കറുപ്പയ്യിയുടെ കിടപ്പും ഉറക്കവുമെല്ലാം ഇവിടെയാണ്. വാര്ധക്യപെന്ഷന് പോലും കറുപ്പയ്യിക്ക് ലഭിച്ചിട്ടില്ല.
പലയിടത്തും പെന്‍ഷനായി അപേക്ഷ നല്‍കിയെങ്കിലും ഫലമുണ്ടായില്ലെന്ന് ഇവര്‍ പറയുന്നു. നിരവധി ഓഫീസുകളില്‍ കയറിയിറങ്ങുകയും കളക്ടറെ കാണുകയും ചെയ്തിരുന്നു. എന്നാല്‍ ഒരു ഫലവും ഉണ്ടായില്ല. വേറൊരു വരുമാനവും ഇല്ലെന്നും കറുപ്പയ്യി പറഞ്ഞു.
ഇവിടെത്തന്നെയാണ് താമസം. ഒരു മകളുണ്ടെങ്കിലും തന്നെ കാണാന്‍പോലും വരില്ലെന്നും കറുപ്പയ്യി വേദനയോടെ പറഞ്ഞു. കറുപ്പയ്യിയുടെ വാര്‍ത്ത എഎന്‍ഐയാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ നിരവധി പേരാണ് സഹായവാഗ്ദാനവുമായി രംഗത്തെത്തിയിരിക്കുന്നത്.