ഗുജറാത്ത്: ഗുജറാത്തില്‍ ഗുണ്ടാനേതാവിനൊപ്പം ഒളിച്ചോടിയ ഐഎഎസ് ഓഫീസറുടെ ഭാര്യ മാസങ്ങള്‍ക്കു ശേഷം തിരിച്ചെത്തി വീടിന് മുന്നില്‍ ജീവനൊടുക്കി. ഗുജറാത്ത് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന് സെക്രട്ടറിയായ രണ്‍ജീത് കുമാറിന്റെ ഭാര്യ സൂര്യ ജയ് ആണ് ജീവനൊടുക്കിയത്. ഒമ്പതുമാസം മുമ്പാണ് ആണ്‍സുഹൃത്തായ മഹാരാജയ്ക്കൊപ്പം സൂര്യ പോയത്. കഴിഞ്ഞ ദിവസം തിരികെയെത്തിയ സൂര്യയെ വീട്ടില്‍ പ്രവേശിപ്പിക്കാനാകില്ലെന്ന് രണ്‍ജീത് നിലപാടെടുത്തു. തുടര്‍ന്നാണ് സൂര്യ ആത്മഹത്യക്ക് ശ്രമിച്ചത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണം സംഭവിച്ചു. സൂര്യയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ ഭര്‍ത്താവ് തയ്യാറായിട്ടില്ല.
ഭാര്യ വീട്ടില്‍ തിരിച്ചെത്തിയെന്ന് അറിഞ്ഞ രണ്‍ജീത്, അവരെ അകത്തേക്ക് പ്രവേശിപ്പിക്കരുതെന്ന് വീട്ടുജോലിക്കാര്‍ക്ക് ഫോണിലൂടെ നിര്‍ദ്ദേശം നല്കി. ഇതറിഞ്ഞ സൂര്യ വീടിനു മുന്നില്‍ ബഹളം വെക്കുകയും പിന്നാലെ വിഷം കഴിക്കുകയുമായിരുന്നു. തുടര്‍ന്ന് അവര്‍ തന്നെ 108 ആംബുലന്‍സിനെ സഹായത്തിന് വിളിക്കുകയും ചെയ്തു എന്നാണ് പൊലീസ് പറയുന്നത്. ഗുണ്ടാനേതാവായ ആണ്‍സുഹൃത്തിനും അയാളുടെ സഹായിക്കും ഒപ്പം ചേര്‍ന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലും സൂര്യ പ്രതിയാണ്.സൂര്യയുടെ ആത്മഹത്യാകുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. തമിഴില്‍ എഴുതിയിരിക്കുന്ന ഈ കുറിപ്പിലെ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ പൊലീസ് തയ്യാറായില്ല.


