ന്യൂഡല്‍ഹി: ആദായ നികുതിയില്‍ മാറ്റം വരുത്തി മൂന്നാം മോദി സര്‍ക്കാരിന്ററെ ആദ്യ കേന്ദ്ര ബജറ്റ് മന്ത്രി നിര്‍മ്മല സീതാരാമന് അവതരിപ്പിച്ചു. ആദായ നികുതി ദാതാക്കള്‍ക്ക് ആശ്വാസമാകുന്ന രീതിയിലുള്ള മാറ്റങ്ങള്‍ ബഡ്ജറ്റിലുണ്ട്. ഇ കൊമേഴ്സിനുളള ടിഡിഎസ് കുറച്ചു എന്നതാണ് അതില്‍ പ്രധാനമായത്. ദീര്‍ഘകാല മൂലധന നേട്ടത്തിനുള്ള നികുതിയിലും ഇളവ് പ്രഖ്യാപിച്ചു. 12.5 ശതമാനം നികുതിയാണ് ഇനി മുതല്‍ ദീര്‍ഘ കാല മൂലധന നേട്ടത്തിലൂടെ ലഭിക്കുന്ന പണത്തിന് നല്‍കേണ്ടി വരിക. ആദായ നികുതി റിട്ടേണ്‍ വൈകിയാല്‍ ക്രിമിനല്‍ നടപടി സ്വീകരിക്കുന്ന മുന്‍ കാല രീതി ഒഴിവാക്കിയതും ശ്രദ്ധേയമായി. പുതിയ നികുതി വ്യവസ്ഥ തിരഞ്ഞെടുത്ത ശമ്പളമുള്ള ജീവനക്കാര്‍ക്കുള്ള സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന് 50,000 രൂപയില്‍ നിന്ന് 75,000 രൂപയായി ഉയര്‍ത്തും.
ആദായ നികുതി നയങ്ങളില്‍ മാറ്റം വരുത്തിയതിന് പിന്നാലെ ആദായ നികുതി സ്ലാബുകളിലെ മാറ്റവും ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന് പ്രഖ്യാപിച്ചു. മൂന്ന് ലക്ഷം വരെ വരുമാനമുളളവര്‍ക്ക് ആദായ നികുതിയില്ല. പുതിയ സ്ലാബ് പ്രകാരം നികുതി ദായകര്‍ക്ക് ആദായ നികുതിയില്‍ 17500 രൂപ ഇളവ് ലഭിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി. മൂന്ന് മുതല്‍ ഏഴ് ലക്ഷം വരെ വാര്‍ഷിക വരുമാന പരിധിയുള്ളവര്‍ക്ക് 5 ശതമാനം നികുതിയും ഏഴ് മുതല്‍ പത്ത് ലക്ഷം വരെ വാര്‍ഷിക വരുമാന പരിധിയുള്ളവര്‍ക്ക് 10 ശതമാനവും പത്ത് ലക്ഷം മുതല്‍ പന്ത്രണ്ട് ലക്ഷം വരെ വരുമാന പരിധിയുള്ളവര്‍ക്ക് 15 ശതമാനവുമാണ് ആദായ നികുതി നല്‍കേണ്ടി വരിക. പന്ത്രണ്ട് മുതല്‍ പതിനഞ്ചു ലക്ഷം വരെയുള്ളവര്‍ക്ക് 20 ശതമാനവും 15 ലക്ഷത്തിന് മുക്ലളിലുള്ളവര്‍ക്ക് 30 ശതമാനവും ആദായ നികുതി നല്‍കേണ്ടി വരും.