ചെന്നൈ: ലോക്സഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ ഡിഎംകെ തരംഗം. പുതുച്ചേരിയിലെ ഒന്നുൾപ്പെടെ ആകെയുള്ള 39 ഇൽ 37 ഇടത്ത് ഡിഎംകെ സഖ്യം മുന്നിൽ. കോൺഗ്രസ് മൽസരിച്ച 10-ൽ 9 ഇടത്ത് മുന്നിൽ. ഇടതു കക്ഷികൾ മൽസരിച്ച നാലിടത്തും സ്ഥാനാർഥികൾ ലീഡ് ചെയ്യുന്നു. മധുരയിലും കോയമ്പത്തൂരിലും സിപിഎമ്മും നാഗപട്ടണത്തും തിരുപ്പൂരിലും സിപിഐ സ്ഥാനാർഥികളും ലീഡ് ചെയ്യുന്നു.
സംസ്ഥാനത്തു മൽസരിക്കുന്ന ഏക കേന്ദ്രമന്ത്രിയായ പൊൻ രാധാകൃഷ്ണൻ കന്യാകുമാരിയിൽ അര ലക്ഷം വോട്ടിനു പിന്നിൽ. ലോക്സഭാ ഡെപ്യൂട്ടി സ്പീക്കർ തമ്പിദുരൈ കരൂരിൽ 40000 വോട്ടിനു പിന്നിൽ. അണ്ണാഡിഎംകെ സഖ്യം ലീഡ് ചെയ്യുന്നതു തേനി, ധർമപുരി മണ്ഡലങ്ങളിൽ. ബിജെപി മൽസരിക്കുന്ന അഞ്ചിടത്തും പിന്നിൽ.
സംസ്ഥാനത്തു നിയമസഭാ ഉപതിരഞ്ഞെടുപ്പു നടക്കുന്ന 22 മണ്ഡലങ്ങളിൽ 11 സീറ്റുകളിൽ വീതം അണ്ണാഡിഎംകെയും ഡിഎംകെയും ലീഡ് ചെയ്യുന്നു. 10 സീറ്റുകൾ ജയിച്ചാൽ എടപ്പാടി കെ.പളനിസാമി സർക്കാരിന്റെ നില സുരക്ഷിതം.

