ന്യൂഡൽഹി: തിരഞ്ഞെടുപ്പുഫലം പുറത്തുവരുന്നതിനുമുമ്പേ പുതിയസർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്കും പതിനേഴാം ലോക്സഭയിലെ അംഗങ്ങളെ സ്വാഗതം ചെയ്യുന്നതിനുമുള്ള ഒരുക്കം തുടങ്ങി.
രാഷ്ട്രപതിഭവനാണ് സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കം തുടങ്ങിയത്. വിളിക്കേണ്ട അതിഥികളുടെ പട്ടിക തയ്യാറാക്കുന്നതുൾപ്പെടെയുള്ള പ്രാഥമിക നടപടികളാണ് തുടങ്ങിയത്. ഫലമറിഞ്ഞതിനു ശേഷമായിരിക്കും സത്യപ്രതിജ്ഞാതീയതി നിശ്ചയിക്കുക. തിരഞ്ഞെടുക്കപ്പെടുന്ന മുന്നണിയുടെയോ പാർട്ടിയുടെയോ താത്പര്യം കണക്കിലെടുത്താവും ഇത്.
പുതിയ അംഗങ്ങളെ സ്വാഗതം ചെയ്യുന്നതിനും സൗകര്യങ്ങളൊരുക്കുന്നതിനും ലോക്സഭാ സെക്രട്ടേറിയറ്റ് നടപടി തുടങ്ങിയതായി സെക്രട്ടറി ജനറൽ സ്നേഹലതാ ശ്രീവാസ്തവ ബുധനാഴ്ച പത്രസമ്മേളനത്തിൽ പറഞ്ഞു. ഡൽഹി വിമാനത്താവളത്തിലും റെയിൽവേസ്റ്റേഷനുകളിലും സഹായ ഡെസ്കുകൾ സ്ഥാപിച്ചിട്ടുണ്ട്.

