അഴിമതിക്കേസിൽ ജാമ്യം കിട്ടയതിന് പിന്നാലെ മന്ത്രിസ്ഥാനത്തെത്തിയ സെന്തിൽ ബലാജിയെ രൂക്ഷമായി വിമർശിച്ച് സുപ്രിംകോടതി. എന്ത് അടിസ്ഥാനത്തിലാണ് സെന്തിൽ ബാലാജി വീണ്ടും മന്ത്രിയായതെന്ന് കോടതി ചോദിച്ചു. മന്ത്രിയല്ല എന്ന നിലയ്ക്കാണ് കോടതി ജാമ്യം നൽകിയത്. തൊട്ടുപിന്നാലെ മന്ത്രിസ്ഥാനത്തേക്ക് വീണ്ടും വന്നത് തെറ്റാണെന്ന് സുപ്രിംകോടതി പറഞ്ഞു.
മന്ത്രിസാഥാനം ഒഴിഞ്ഞില്ലെങ്കിൽ ജാമ്യം റദ്ദാക്കുമെന്ന് സുപ്രിംകോടതി മുന്നറിയിപ്പ് നൽകി. ജാമ്യം വേണോ മന്ത്രിസ്ഥാനം വേണോയെന്ന് തിങ്കളാഴ്ച തീരുമാനിച്ച് അറിയിക്കണമെന്നും കോടതി നിർദേശിച്ചു. ജയലളിത സര്‍ക്കാരില്‍ മന്ത്രിയായിരിക്കെ ജോലിക്ക് കോഴ വാങ്ങിയെന്നായിരുന്നു കേസ്. സാക്ഷികളെ സ്വാധീനിക്കുന്നുണ്ടെന്ന് ആരോപിച്ച് ബാലാജിക്ക് നൽകിയ ജാമ്യം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികൾ പരിഗണിക്കുന്നതിനിടെയായിരുന്നു സുപ്രിംകോടതിയുടെ വിമർശനം. ജസ്റ്റിസ് അഭയ് എസ് ഓക്ക, ജസ്റ്റിസ് എ ജി മാസിഹ് എന്നിവരടങ്ങിയ ബെഞ്ച് ആണ് ഹർജികൾ പരിഗണിച്ചത്.
“നിങ്ങൾക്ക് ജാമ്യം ലഭിച്ചത് മെറിറ്റിന്റെ അടിസ്ഥാനത്തിലല്ല, മറിച്ച് ആർട്ടിക്കിൾ 21 അടിസ്ഥാനത്തിലാണ” ജസ്റ്റിസ് അഭയ് എസ് ഓക്ക പറഞ്ഞു. ജാമ്യത്തിനായി ബാലാജി മന്ത്രി സ്ഥാനം രാജിവച്ചതാണെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് വേണ്ടി ഇന്ത്യയുടെ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചൂണ്ടിക്കാട്ടി. ബാലാജിയുടെ സ്വാധീനമുണ്ടെന്ന് സംശയമുണ്ടെങ്കിൽ വിചാരണ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റാമെന്ന് അദ്ദേഹത്തിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വാദിച്ചു.