ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിക്കെതിരെ പട നയിക്കാന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം പ്രിയങ്ക ഗാന്ധിയെ രംഗത്തിറക്കിയ കോൺഗ്രസ് നീക്കത്തെ പരിഹസിച്ചു ബിജെപി. അധ്യക്ഷൻ രാഹുൽ ഗാന്ധി പരാജയമാണെന്നു പരസ്യമായി കോൺഗ്രസ് വിളിച്ചുപറയുകയാണെന്നു ബിജെപി പരിഹസിച്ചു. ‘സംസ്ഥാനങ്ങളിലെ മഹാസഖ്യത്തിൽ കോൺഗ്രസിനെ ഉൾപ്പെടുത്തുന്നില്ല.
ഇതിനു പരിഹാരമായി കുടുംബത്തിൽനിന്നു തന്നെ കണ്ടെത്തിയതാണു പ്രിയങ്കയെ. രാഹുലിന് ഊന്നുവടി പോലെയാണു പ്രിയങ്ക. രാഹുൽ ഗാന്ധി പരാജയമാണെന്നു കോൺഗ്രസ് പരസ്യമായി സമ്മതിക്കുകയാണ് ഇതിലൂടെ’– ബിജെപി വക്താവ് സാംബിത് പാത്ര പറഞ്ഞു. പ്രിയങ്ക കഴിവുറ്റ നേതാവാണെന്നു രാഹുൽ ഗാന്ധി പറഞ്ഞു. സഹോദരി തോളോടുതോൾ ചേർന്നു പ്രവർത്തിക്കുന്നതിൽ അതീവ സന്തുഷ്ടനാണ്. പ്രതിരോധത്തിലൂന്നിയുള്ള രാഷ്ട്രീയത്തിനു കോൺഗ്രസ് ഒരുക്കമല്ല. രാജ്യത്തുടനീളം മുന്നേറ്റ നിരയിൽ കോൺഗ്രസ് സ്ഥാനമുറപ്പിക്കുമെന്നും രാഹുൽ പറഞ്ഞു.

