ലഖ്നൗ: മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ജനപ്രീതി കുത്തനെ ഇടിഞ്ഞതായി സര്‍വേ റിപ്പോര്‍ട്ട്. മൂന്ന് തവണ തുടര്‍ച്ചയായി അധികാരത്തിലിരുന്ന മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായിരുന്ന ശിവരാജ് സിങ് ചൗഹാന്റേയും രമണ്‍ സിങിന്റേയും ജനപ്രീതിയേക്കാള്‍ ആറ് ശതമാനം കുറവ് ജനപ്രീതി മാത്രമാണ് യോഗി ആദിത്യനാഥിന് ഉള്ളതെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നത്.
ഇന്ത്യാ ടുഡേയും ആക്സിസ് മൈ ഇന്ത്യയും ചേര്‍ന്ന് നടത്തിയ പൊളിറ്റിക്കല്‍ സ്റ്റോക്ക് എക്സ്ചെയിഞ്ച് സര്‍വേയിലാണ് യോഗിയുടെ ജനപ്രീതി കഴിഞ്ഞ മൂന്ന് മാസത്തിനിടെ കുത്തനെ ഇടിഞ്ഞതായി റിപ്പോര്‍ട്ട് ചെയ്യുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി യുപിയില്‍ ബിജെപി സര്‍ക്കാരിനെതിരെ ജനരോഷം ഉയരുന്നു എന്നത് പാര്‍ട്ടിയെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. സെപ്തംബറില്‍ ഇന്ത്യ ടുഡേ നടത്തിയ ട്രാക്കിങ് സര്‍വേയില്‍ യോഗി ആദിത്യനാഥിന് 43 ശതമാനം ജനപ്രീതിയുള്ളതായി വ്യക്തമായിരുന്നു. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ നടത്തിയ സര്‍വേയില്‍ യോഗിയുടെ ജനപ്രീതി കുത്തനെ ഇടിഞ്ഞതായാണ് സര്‍വേ വ്യക്തമാക്കുന്നത്. ഡിസംബര്‍ മൂന്നാം വാരം നടത്തിയ സര്‍വേയില്‍, 38 ശതമാനം പേര് മാത്രമാണ് യോഗി ആദിത്യനാഥിനെ അടുത്ത മുഖ്യമന്ത്രിയായി നിര്‍ദേശിച്ചത്. യോഗി ആദിത്യനാഥിനേക്കാള്‍ ജനപ്രീതി കുറഞ്ഞ ബിജെപി മുഖ്യമന്ത്രിമാരില്‍ ഒരാള്‍ രാജസ്ഥാന് മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെയാണ്.

