ശ്രീനഗര്‍: ജമ്മുകശ്മീരില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നു. മെഹബൂബ മുഫ്തിയും സജാദ് ലോണും സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചതിന് പിന്നാലെയാണ് ഗവര്‍ണറുടെ നടപടി. പിഡിപിയേയും നാഷണല്‍ കോണ്‍ഫറന്‍സിനേയും ഒന്നിച്ചു നിര്‍ത്തി ജമ്മു കശ്മീരില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് നീക്കം തുടങ്ങിയതിന് പിന്നാലെ ജമ്മു കശ്മീര്‍ നിയമസഭ പിരിച്ചു വിട്ട് ഗവര്‍ണര്‍ കഴിഞ്ഞ ദിവസം ഉത്തരവിറക്കുകയായിരുന്നു. ഗവര്‍ണറുടെ തീരുമാനം ചോദ്യം ചെയ്ത് പിഡിപി- എന്‍സി പാര്‍ട്ടികള്‍ കോടതിയെ സമീപിച്ചേക്കും.
അതേസയം, നിയമസഭ പിരിച്ചുവിട്ടതില്‍ വിശദീകരണവുമായി ഗവര്‍ണര്‍ രംഗത്തെത്തി. കുതിരക്കച്ചവടം തടയാനാണ് നിയമസഭ പിരിച്ചുവിട്ടതെന്ന് ഗവര്‍ണര്‍ സത്യപാല്‍ മാലിക് പറഞ്ഞു. തീരുമാനം ചോദ്യം ചെയ്യണമെന്നുളളവര്‍ക്ക് കോടതിയെ സമീപിക്കാം എന്നും അദ്ദേഹം പറഞ്ഞു. 
ലോക്സഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ രാത്രി വൈകി വലിയ രാഷ്ട്രീയ നീക്കങ്ങള്‍ക്കാണ് ജമ്മുകശ്മീര്‍ സാക്ഷിയായത്. അസാധാരണ രാഷ്ട്രീയ നീക്കം നടത്തി പിഡിപി-എന്‍സി-കോണ്‍ഗ്രസ് പാര്‍ട്ടികള്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തീരുമാനിച്ചിരുന്നു. പിഡിപി അദ്ധ്യക്ഷ മെഹബൂബ മൂഫ്തി ഗവര്‍ണര്‍ക്ക് അവകാശവാദം ഉന്നയിച്ച് കത്ത് നല്‍കിയതിന് പിന്നാലെ ജമ്മുകശ്മീര്‍ പീപ്പിള്‍സ് കോണ്‍ഫറന്‍സ് നേതാവ് സജാദ് ലോണും സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചു. ഇതിനിടെയാണ് ഭരണഘടനയുടെ 53-ാം അനുച്ചേദ പ്രത്യേക അധികാരം ഉപയോഗിച്ച് ഗവര്‍ണര്‍ സത്യപാല്‍ മാലിക് നിയമസഭ പിരിച്ചുവിട്ടത്. ഇതോടെ ജമ്മുകശ്മീരില്‍ രാഷ്ട്രപതി ഭരണംനിലവില്‍ വരും. നിയമസഭ പിരിച്ചുവിട്ടതിനാല്‍ ആറുമാസത്തിനകം തെരഞ്ഞെടുപ്പ് നടത്തേണ്ടിവരും. അതേസമയം 56അംഗങ്ങളുടെ പിന്തുണയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം അംഗീകരിക്കാത്ത ഗവര്‍ണറുടെ നടപടി ജനാധിപത്യവിരുദ്ധമെന്ന് മെഹബൂബ മുഫ്തി ആരോപിച്ചു.
ബിജെപിയുടെ സേച്യാതിപത്യ നിലപാടാണ് ഗവര്‍ണര്‍ നടപ്പാക്കിയതെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ് പ്രതികരിച്ചു. ഗവര്‍ണറുടെ തീരുമാനത്തെ കോടതിയില്‍ ചോദ്യം ചെയ്യാനാണ് പിഡിപി നീക്കം. 87 അംഗ ജമ്മുകശ്മീര്‍ നിയമസഭയില്‍ 44 അംഗങ്ങളുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ആ ഭൂരിപക്ഷം തികക്കാന്‍ പിഡിപി, നാഷണല്‍ കോണ്‍ഫറന്‍സ്, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ ചേര്‍ന്നാല്‍ കഴിയും എന്നിരിക്കെയായിരുന്നു ഗവര്‍ണറുടെ അപ്രതീക്ഷിത നീക്കം.

