ന്യൂഡല്‍ഹി: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ നാളെ മുതല്‍ ഡല്‍ഹി പൂര്‍ണമായി അടച്ചിടും. നാളെ രാവിലെ ആറ് മണി മുതല്‍ ഈ മാസം 31 വരെയാണ് അടച്ചിടല്‍. എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കുമെന്നും ബോര്‍ഡറുകള്‍ അടയ്ക്കുമെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ അറിയിച്ചു. ഭക്ഷ്യസാധനങ്ങളും അവശ്യസേവനങ്ങളും മാത്രം ബോര്‍ഡര്‍ വഴി കടത്തിവിടും. ഡല്‍ഹിയിലേക്കുള്ള എല്ലാ ആഭ്യന്തര വിമാന സര്‍വീസുകളും ഈ സമയം നിര്‍ത്തിവക്കും. ജനങ്ങള്‍ വീടുകളില്‍ തുടരണമെന്നും കേജരിവാള്‍ ആവശ്യപ്പെട്ടു. കൊറോണ വൈറസ് വ്യാപനം തടയാന്‍ രാജ്യത്ത് സമ്ബൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിക്കുന്ന നാലാമത്തെ സംസ്ഥാനമാണ് ഡല്‍ഹി. രാജസ്ഥാന്, പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ക്ക് പിന്നാലെയാണ് രാജ്യതലസ്ഥാനമായ ഡല്‍ഹിയും അടച്ചിടല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതുവരെ 27 കോവിഡ് 19 കേസുകളാണ് ഡല്‍ഹിയില്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 21 പേരും വിദേശത്തുനിന്ന് എത്തിയവരാണ്.

