ന്യൂഡല്‍ഹി: തെരെഞ്ഞെടുപ്പുകളില്‍ ഇന്ത്യയില്‍ ഉപയോഗിക്കുന്ന വോട്ടിങ് യന്ത്രങ്ങളില്‍ അട്ടിമറി നടത്തിയിട്ടുണ്ടെന്ന ഹാക്കറുടെ വെളിപ്പെടുത്തലിന് പിന്നാലെ കോണ്‍ഗ്രസ് ബിജെപി വാക്പോര്. ഗുരുതരമായ ആരോപണങ്ങളില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ലണ്ടനിലെ ചടങ്ങില്‍ മാധ്യമപ്രവര്‍ത്തകന്റെ ക്ഷണപ്രകാരമാണ് കപില്‍ സിബല്‍ പങ്കെടുത്തതെന്നും , കോണ്‍ഗ്രസ്സിന് ചടങ്ങ് സംഘടിപ്പിച്ചതില്‍ പങ്കില്ലെന്നും കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിങ്വി വ്യക്തമാക്കി.
കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപിയും രംഗത്തെത്തി. കോണ്‍ഗ്രസിന്റേത് തരംതാണ് രാഷ്ട്രീയമാണെന്ന് കേന്ദ്രമന്ത്രി അരുണ്‍ജെയ്റ്റ്ലി ആരോപിച്ചു. ഹാക്കറുടെ അവകാശവാദം പെരുംനുണയാണ്. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് തെരഞ്ഞെടുപ്പ് കമ്മീഷനും ഉദ്യോഗസ്ഥരും ബി ജെ പിയുടെ ചട്ടുകമായാണോ പ്രവര്‍ത്തിച്ചതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണം. ഇത്തരം വിഢിത്തങ്ങള്‍ അംഗീകരിക്കാന്‍ ജനങ്ങള്‍ മണ്ടന്മാരാണെന്ന് കോണ്‍ഗ്രസ് വിചാരിക്കരുതെന്നും ജെയ്റ്റ്ല്ലി ട്വീറ്റ് ചെയ്തു.

