ദില്ലി: രാജ്യതലസ്ഥാനത്ത് രണ്ട് ഭീകരര്‍ എത്തിയതായി സൂചന. ഭീകരരെന്ന് സംശയിക്കുന്ന രണ്ട് പേരുടെ ചിത്രങ്ങള്‍ പൊലീസ് പുറത്ത് വിട്ടു. ഇവരെ എവിടെ വച്ചെങ്കിലും കണ്ടാല്‍ ഉടന്‍ അറിയിക്കണമെന്ന് ആവശ്യപ്പെട്ട് പഹാട് ഗഞ്ചിലെ പൊലീസ് സ്റ്റേഷനിലെ നമ്പറും ഒപ്പം നല്‍കിയിട്ടുണ്ട്.
ഇന്ത്യ-പാക് അതിര്‍ത്തിയിലെ മൈല്‍ക്കുറ്റിയില്‍ ചാരി നില്ക്കുന്ന രണ്ട് പേരുടെ ചിത്രങ്ങളാണ് ദില്ലി പൊലീസ് പുറത്ത് വിട്ടിരിക്കുന്നത്. മൈല്‍ക്കുറ്റിയില്‍ ദില്ലിയിലേക്ക് 360 കിലോമീറ്റര്‍, ഫിറോസ്പൂര്‍ ഒമ്പത് കിലോമീറ്റര്‍ എന്നിങ്ങനെയാണ് എഴുതിയിരിക്കുന്നത്.
ഇന്ത്യയിലെ പഞ്ചാബിനോട് ചേര്‍ന്നുള്ള പാക് അതിര്‍ത്തി പ്രദേശമാണ് ഫിറോസ്പൂര്‍. ആറോ ഏഴോ ജയ്ഷെ ഭീകരര്‍ പഞ്ചാബില്‍ നിന്ന് ദില്ലി ലക്ഷ്യമാക്കി നീങ്ങുന്നതായുള്ള മുന്നറിയിപ്പ് കഴിഞ്ഞ ആഴ്ച പഞ്ചാബ് പൊലീസ് നല്‍കിയിരുന്നു.

