ദില്ലി മുഖ്യമന്ത്രിയായി ആതിഷി മര്‍ലേന സത്യപ്രതിജ്ഞ ചെയ്തു. അരവിന്ദ് കെജ്രിവാൾ അടക്കം പങ്കെടുത്ത ചടങ്ങിൽ ലെഫ്റ്റനന്റ് ഗവർണർ വി.കെ സക്സേന സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലായിരുന്നു ദില്ലിയുടെ പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ. സൗരഭ് ഭരദ്വാജ്, ഗോപാല്‍ റായ്, മുകേഷ് അഹ്ലാവത്ത്, കൈലാഷ് ഗഹ്ലോട്ട്, ഇമ്രാന് ഹുസൈന് എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. അതിഷിയുടെ മാതാപിതാക്കളായ ത്രിപ്ത വാഹിയും വിജയ് സിങ്ങും സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു. രാജ് നിവാസില്‍ നടന്ന ലളിതമായ ചടങ്ങില്‍ ആയിരുന്നു സത്യപ്രതിജ്ഞ.
11 വര്‍ഷത്തിനിപ്പുറമാണ് അരവിന്ദ് കെജ്രിവാളിനു ശേഷം ദില്ലിയില്‍ പുതിയ മുഖ്യമന്ത്രി വരുന്നത്. ഡല്‍ഹിയുടെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രി. അരവിന്ദിന് പകരം അതിഷി തന്നെയെന്നത് ഏറെക്കുറെ ഉറപ്പായിരുന്നു. സാമൂഹ്യ പ്രവര്‍ത്തകയായി തുടങ്ങി മനീഷ് സിസോദിയയുടെ ഉപദേശകയായി, പിന്നീടൊരു പ്രതിസന്ധി ഘട്ടത്തില്‍ ആം ആദ്മിക്ക് വേണ്ടി ഡല്‍ഹിയുടെ ഭരണചക്രം തിരിച്ച അതിഷിയില്‍ കെജ്രിവാള് വിശ്വാസമര്‍പ്പിക്കുന്നതില്‍ അത്ഭുതമൊന്നുമില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. അതിഷിയുടെ പേര് നിര്‍ദേശിച്ചതും അരവിന്ദ് കെജ്രിവാള് തന്നെയാണ്.


