മുംബൈ: കിഴക്കൻ മുംബൈയിൽ കളിച്ചുകൊണ്ടിരുന്ന 11 വയസുകാരനെ ഓടിച്ചിട്ട് കടിച്ച് വളർത്തു നായ. കഴിഞ്ഞ വ്യാഴാഴ്ച മാൻഖുർദ് പ്രദേശത്ത് നടന്ന സംഭവത്തിന്റെ വീഡിയോ പുറത്തായി. നിർത്തിയിട്ട ഓട്ടോറിക്ഷയിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പിറ്റ് ബുൾ ഇനത്തിൽപ്പെട്ട നായയാണ് ആക്രമിച്ചത്. നായയെ കണ്ട് പേടിച്ച് ഓട്ടോയിൽ കയറിയ കുട്ടിയെ നായ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. എന്നാൽ തൊടടുത്ത് നിന്നിരുന്ന ഉടമ, നായ കുട്ടിയെ ആക്രമിക്കുന്നത് കണ്ടിട്ടും തിരിഞ്ഞ് നോക്കിയില്ലെന്നാണ് ആരോപണം.
പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയ്ക്കുള്ളിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ നേരെ ഉടമയായ മുഹമ്മദ് സൊഹൈൽ ഹസൻ (43) നായയെ അഴിച്ച് വിടുകയായിരുന്നുവെന്നാണ് വിവരം. നായയെ കണ്ട് പേടിച്ച് ഓട്ടോയിൽ കയറിയ കുട്ടിക്ക് പിന്നാലെ നായയും എത്തി. നായ കുട്ടിയുടെ വസ്ത്രം കടിച്ച് വലിക്കുകയും പിന്നാലെ താടിയിൽ കടിക്കാനായി ചാടുകയും ചെയ്തു. നായയുടെ ആക്രമണത്തിൽ ഭയന്ന കുട്ടി നിലവിളിക്കുമ്പോഴും ഓട്ടോയുടെ മുൻ സീറ്റിനടത്ത് നിന്ന് ഉടമ ഇതെല്ലാം കണ്ട് ചിരിക്കുകയായിരുന്നുവെന്നാണ് പരാതി.
നായയെ കെട്ടിയിരുന്ന ലീഷ് മുഹമ്മദിന്റെ കൈവശം ഉണ്ടായിരുന്നിട്ടും ഇയാൾ അവിടെ തന്നെ നിന്നു. നായയെ മാറ്റാൻ ശ്രമം ഉണ്ടായില്ലെന്നാണ് കുട്ടി പറയുന്നത്. എന്നെ രക്ഷിക്കണമെന്ന് ഞാൻ അയാളോട് കരഞ്ഞു പറഞ്ഞു. എന്നാൽ നായയെ മാറ്റാൻ ഉടമ തയ്യാറായില്ലെന്ന് കുട്ടി പറഞ്ഞു. പിന്നീട് ഓട്ടോയിൽ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. നായയുടെ കടിയേറ്റ് ശരീരത്തിൽ മുറിവുണ്ടായതായും കുട്ടി പറഞ്ഞു. വിവരമറിഞ്ഞ 11 കാരന്റെ പിതാവ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.