ഉത്തർപ്രദേശിലെ മുസാഫർ ജില്ലയിൽ ഭക്ഷണത്തിൽ ഉള്ളി കണ്ടെന്നാരോപിച്ച് ഹോട്ടൽ തല്ലിത്തകർത്ത് കൻവാർ തീർഥാടകർ. ദേശീയ മാധ്യമമായ ന്യൂ ഇന്ത്യൻ എക്സ്പ്രസാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.ഗംഗാജലം ശേഖരിക്കുന്നതിനായി ഹരിദ്വാറിലേക്കുള്ള യാത്രാമധ്യേ കൻവാരിയകൾ ഉച്ചഭക്ഷണത്തിനായി ഭക്ഷണശാലയിൽ നിർത്തി.വിളമ്പിയ വെജിറ്റബിൾ കറിയിൽ ഉള്ളി കഷ്ണങ്ങൾ കണ്ടെത്തിയെന്നാരോപിച്ച് കൻവാരിയ സംഘം ധാബ തൊഴിലാളികളെ ആക്രമിക്കുകയും ഫർണിച്ചറുകളും ഫ്രിഡ്ജും നശിപ്പിക്കുകയും ചെയ്തു.
എന്നാൽ ആശയകുഴപ്പം മൂലമാണ് ഇത് സംഭവിച്ചതെന്നും തീർഥാടകർ ഭക്ഷണത്തിൽ ഉള്ളി ഉൾപ്പെടുത്തില്ലെന്ന കാര്യം തങ്ങൾക്കറിയില്ലെന്നും ഹോട്ടൽ ഉടമ പ്രതികരിച്ചു.കൻവാർ യാത്രാ വഴിയിലുള്ള ഹോട്ടലുകൾ നെയിം പ്ലേറ്റുകൾ പ്രദർശിപ്പിക്കണമെന്ന് ഉത്തർപ്രദേശ് സർക്കാർ ഉത്തരവിട്ടതിന് തൊട്ടുപിന്നാലെയാണ് സംഭവം. ശിവഭക്തർ ലളിതമായ ഭക്ഷണം കഴിക്കുന്നതിനാൽ കറിയിൽ ഉള്ളി കണ്ടാൽ അവർ അസ്വസ്ഥരാകുമെന്ന് പൊലീസ് മേധാവി പറഞ്ഞു.


