ബിജെപിയുമായി സഖ്യമുണ്ടാക്കില്ലെന്ന് വിജയ്യുടെ തമിഴക വെട്രി കഴകം
ചെന്നൈ: ബിജെപിയുമായി സഖ്യമുണ്ടാക്കില്ലെന്ന് വിജയ്യുടെ തമിഴക വെട്രി കഴകം (ടിവികെ). ബിജെപിയിൽ നിന്ന് കടുത്ത സമ്മർദമുണ്ടായിട്ടും ഈ തീരുമാനത്തിൽ മാറ്റമില്ലെന്ന് പാർട്ടി ജനറല്‍ സെക്രട്ടറി അരുണ്‍ രാജ് വ്യക്തമാക്കി.
“മുമ്പ് ബിജെപി സമ്മർദം ചെലുത്തിയിരുന്നില്ല. ഇപ്പോൾ മാത്രമാണ് അവർ അത് തുടങ്ങിയിരിക്കുന്നത്. പല വഴികളിലൂടെ അവർ സമ്മർദം ചെലുത്താൻ ശ്രമിച്ചു. അത് സിബിഐ അന്വേഷണം വരെയും, വിജയിയുടെ ചിത്രം (ജനനായകൻ) തടയുന്നിടം വരെയും എത്തിയിരിക്കുന്നു. എന്താണ് സംഭവിച്ചതെന്ന് മാധ്യമങ്ങള്‍ക്ക് അറിയാമല്ലോ”- അരുൺ രാജ് പറഞ്ഞു. വർഗീയ ശക്തികളുമായി യാതൊരു സഖ്യവുമില്ലെന്ന് മഹാബലിപുരത്തെ പാർട്ടി പരിപാടിയിൽ വിജയ് നടത്തിയ പരാമർശം ജനറല്‍ സെക്രട്ടറി ആവര്‍ത്തിക്കുകയും ചെയ്തു.
‘വർഗീയ ശക്തികളുമായി സഖ്യമുണ്ടാക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കിക്കഴിഞ്ഞു. കേന്ദ്രത്തിലും സംസ്ഥാനത്തുമുള്ള ഭരണകക്ഷികളെ ഒരുപോലെ എതിരാളികളായി പ്രഖ്യാപിക്കാൻ വലിയ ധൈര്യം വേണം. ബിജെപിയെ പ്രത്യയശാസ്ത്ര ശത്രുവായാണ് വിജയ് കാണുന്നത്’’ – അരുൺ രാജ് പറഞ്ഞു. ഡിഎംകെ സഖ്യചർച്ചകൾ നേരത്തെയാക്കിയത് ടിവികെയ്ക്ക് ലഭിക്കുന്ന ജനപിന്തുണയിൽ ഭയന്നാണെന്ന് അരുൺ രാജ് പരിഹസിച്ചു. തോൽക്കാൻ പോകുന്ന പാർട്ടികളുമായാണ് ഡിഎംകെ സഖ്യം ചേരുന്നതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ സെപ്തംബറില്‍ കരൂരില്‍ വിജയ് നടത്തിയ റാലിക്കിടെ 41 പേര് മരിച്ചിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് വിജയ്യെ സിബിഐ ചോദ്യം ചെയതിരുന്നു. ഇതിനെ തുടര്‍ന്നുള്ള സമ്മര്‍ദങ്ങളടക്കം അതിജീവിച്ചാണ് വിജയ് രാഷ്ട്രീയ നിലപാട് വ്യക്തമാക്കുന്നതെന്നാണ് അരുണ്‍ രാജ് വ്യക്തമാക്കുന്നത്. ജനുവരി 12നാണ് വിജയ് സിബിഐക്ക് മുന്നില്‍ ഹാജരായത്.


