ഭോപ്പാൽ: മധ്യപ്രദേശിൽ ഓരോ ദിവസവും 130ലധികം സ്ത്രീകളെയും പെൺകുട്ടികളേയും കാണാതാവുന്നുവെന്ന് സർക്കാർ രേഖ. കോൺഗ്രസ് എംഎൽഎ വിക്രാന്ത് ഭൂരിയ നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് സമർപ്പിച്ച ഔദ്യോഗിക രേഖയിലൂടെയാണ് ഈ ഞെട്ടിക്കുന്ന കണക്ക് പുറത്തുവന്നത്.
2020നും 2026 ജനുവരി 28നും ഇടയിൽ സംസ്ഥാനത്തുടനീളം 2,74,311 സ്ത്രീകളെയും പെൺകുട്ടികളേയും കാണാതായതായി മുഖ്യമന്ത്രി മോഹൻ യാദവ് സ്ഥിരീകരിച്ചു.
എല്ലാ വർഷവും ഏകദേശം 45,000 പേരെയാണ് കാണാതാവുന്നത്. എല്ലാ മാസവും ഏകദേശം 3,700 പേരെ കാണാതാവുന്നു. തുടർച്ചയായി ആറ് വർഷത്തേക്ക് എല്ലാ ദിവസവും ഏകദേശം 130 പേരെയും കാണാതാവുന്നു എന്നുമാണ് കണക്ക്.ഇതിൽ 2,35,977 പേരെ കണ്ടെത്തിയതായാണ് സർക്കാർ പറയുന്നത്. 68,334 സ്ത്രീകളെയും പെൺകുട്ടികളെയും ഇനിയും കണ്ടെത്താനായിട്ടില്ല. 2020ൽ 30,000ത്തിൽ അധികം സ്ത്രീകളെ കാണാതായി. 2021ൽ ഈ സംഖ്യ 39,000 കടന്നു. 2023ൽ ഇത് വീണ്ടും 40,000 കവിഞ്ഞു. 2025ൽ 31,000 ൽ അധികം കേസുകൾ രജിസ്റ്റർ ചെയ്തു. 2026ലെ ആദ്യ ആഴ്ചകളിൽ തന്നെ 1,000ൽ അധികം സ്ത്രീകളെ കാണാതായതായും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഇൻഡോർ, ഭോപ്പാൽ, ഗ്വാളിയോർ, ജബൽപൂർ, ഉജ്ജൈൻ തുടങ്ങിയ പ്രധാന നഗരങ്ങളിലാണ് സ്ഥിരമായി ഉയർന്ന സംഖ്യ രേഖപ്പെടുത്തുന്നത്. നിരവധി ഗോത്ര, അതിർത്തി ജില്ലകളിലും റിപ്പോർട്ട് ചെയ്യപ്പെട്ടതും കണ്ടെത്തിയതുമായ കേസുകൾ തമ്മിലുള്ള അന്തരം വലുതാണ്.


