ന്യൂഡല്‍ഹി: സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തി. ഡല്‍ഹി വിമാനത്താവളത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തിയാണു മുഹമ്മദ് ബിന്‍ സല്‍മാനെ സ്വീകരിച്ചത്. കഴിഞ്ഞ ദിവസം പാക്കിസ്ഥാന് സന്ദര്‍ശിച്ചു മടങ്ങിയ സൗദി കിരീടാവകാശി, റിയാദില്‍നിന്നു നേരിട്ടാണ് ഇന്ത്യയിലെത്തിയത്.

കശ്മീര്‍ പുല്‍വാമയിലെ ആക്രമണത്തിനു പിന്നാലെ, ഭീകരര്‍ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യക്കു പിന്തുണ പ്രഖ്യാപിച്ച് സൗദി ഭരണകൂടം രംഗത്തെത്തിയിരുന്നു. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാതലത്തില്‍ പാകിസ്ഥാനില്‍ നിന്നും റിയാദിലേക്ക് മടങ്ങിയ ശേഷമാണ് സൗദി കിരീടാവകാശി ഇന്ത്യയിലെത്തിയത്. ഏഷ്യന്‍ രാജ്യങ്ങളിലെ സന്ദര്‍ശനങ്ങളുടെ ഭാഗമായാണ് സൗദി അറേബ്യ കിരീടാവകാശി ഇന്ത്യയിലെത്തിയത്. ഡല്‍ഹി പാലം സൈനിക വിമാനത്താവളത്തില്‍ എത്തിയ മുഹമ്മദ് ബിന്‍ സല്‍മാനെ പ്രധാനമന്ത്രി നരേന്ദ്രമോദി വരവേറ്റു.

രാവിലെ 10 മണിക്ക് രാഷ്ട്രപതി ഭവനില്‍ ഔദ്യോഗിക സ്വീകരണം നല്‍കും. 10.45ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി കൂടിക്കാഴ്ച നടത്തും. 12 മണിക്ക് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയും ശേഷം ഹൈദരബാദ് ഹൗസില്‍ ഉച്ചഭക്ഷണവും ഒരുക്കിയിട്ടുണ്ട്. 12.45ന് പ്രതിനിധിതല ചര്‍ച്ചയ്ക്ക് ശേഷം ഇരുരാജ്യങ്ങളും അഞ്ചു കാരാറുകളില്‍ ഒപ്പുവെയ്ക്കും. പ്രതിരോധ സഹകരണത്തിനുള്ള കരാറുകളിലും ഒപ്പു വെയ്ക്കും. നാവികപരിശീലനത്തിനും രഹസ്യാന്വേഷണ വിവരങ്ങള്‍ കൈമാറാനും ധാരണയായിട്ടുണ്ട്. ഉച്ചയ്ക്ക് 1.15ന് ഇരുവരും മാധ്യമങ്ങളെ കാണും. രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സന്ദര്‍ശിച്ച ശേഷം പിന്നീട് ചൈനയിലേക്ക് പോകും.

