ന്യുഡൽഹി: നിയമന ഉത്തരവ് കൈമാറുന്നതിനിടെ നിഖാബ് വലിച്ചു താഴ്ത്തിയ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് പിന്തുണയുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. നിതീഷ് കുമാർ നിഖാബ് വലിച്ചു താഴ്ത്തിയ ആയുഷ് ഡോക്ടർ നുസ്രത്ത് പർവീൺ ജോലി സ്വീകരിക്കില്ല എന്ന് അറിയിച്ച കാര്യം കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴായിരുന്നു കേന്ദ്ര മന്ത്രിയുടെ പ്രതികരണം.
‘നിതീഷ് കുമാർ ഒരു തെറ്റും ചെയ്തിട്ടില്ല. നിയമന ഉത്തരവു കൈപ്പറ്റാൻ പോകുമ്പോൾ മുഖം കാണിക്കേണ്ടതല്ലേ? പാസ്പോർട്ട് ലഭിക്കണമെങ്കിൽ, നിങ്ങൾ മുഖം കാണിക്കുന്നില്ലേ? സർക്കാർ ജോലി നിരസിക്കണോ അതോ നരകത്തിൽ പോകണോ എന്ന് ആ സ്ത്രീക്കു തീരുമാനിക്കാം. ഇത് മുസ്ലിം രാജ്യമാണോ? ഇന്ത്യ നിയമവാഴ്ച പിന്തുടരുന്ന രാജ്യമാണ്. ഒരു രക്ഷകർത്താവ് ചെയ്യുന്നതുപോലെ മാത്രമേ നിതീഷ് കുമാർ ചെയ്തിട്ടുള്ളൂ’ ഗിരിരാജ് സിങ് പറഞ്ഞു.


