ഡൽഹിയിലെ കനത്ത മൂടൽമഞ്ഞ് വിമാന സർവീസുകളെ ബാധിക്കാൻ സാധ്യതയുണ്ടെന്ന് വിമാനത്താവളം അധികൃതരുടെ മുന്നറിയിപ്പ്. ദൃശ്യപരിധി കുറഞ്ഞതിനാൽ കാറ്റഗറി മൂന്ന് അനുസരിച്ച് ആണ് ഡൽഹി വിമാനത്താവളത്തിന്റെ പ്രവർത്തനം നടക്കുന്നത്. വിമാനത്താവളങ്ങളിലേക്ക് എത്തുന്നതിനു മുൻപ് യാത്രക്കാർ ഫ്ലൈറ്റ് സ്റ്റാറ്റസുകൾ പരിശോധിക്കണമെന്ന് ഇൻഡിഗോയും എയർ ഇന്ത്യയും നിർദേശം നൽകി.
ദില്ലിയിൽ കടുത്ത നിയന്ത്രണങ്ങൾ
വായുമലിനീകരണം രൂക്ഷമായ ദില്ലിയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി തുടങ്ങിയിട്ടുണ്ട്. മലിനീകരണ സർട്ടിഫിക്കറ്റില്ലാത്ത വാഹനങ്ങൾക്ക് ഇനി പമ്പുകളിൽ ഇന്ധനം നൽകില്ല. ദില്ലിക്ക് പുറത്തുള്ള വാഹനങ്ങൾ നഗരത്തിലേക്ക് പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഭാരത് സ്റ്റേജ് ആറിന് താഴെയുളള വാഹനങ്ങൾക്കാണ് വിലക്ക് ഏർപ്പെടുത്തുക. ഇതിനായി പ്രത്യേകം ഉദ്യോഗസ്ഥരെ അതിർത്തിയിലടക്കം വിന്യസിച്ചിട്ടുണ്ട്.


