അമൃത്സര്‍: അമൃത്സറിലെ രാജസന്‍സി ഗ്രാമത്തിലെ പ്രാര്‍ത്ഥനാ ഹാളിന് നേരെ നടന്ന ഗ്രനേഡ് ആക്രമണത്തിലെ പ്രതികളെക്കുറിച്ച് സൂചന നല്‍കുന്നവര്‍ക്ക് അമ്പത് ലക്ഷം രൂപ പാരിതോഷികമായി നല്‍കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. സ്ഫോടനത്തില്‍ പതിനഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും മൂന്നുപേര്‍ മരിക്കുകയും ചെയ്തിരുന്നു. മുഖംമൂടി ധരിച്ച് ബൈക്കിലെത്തിയ രണ്ടംഗസംഘമാണ് പ്രാര്‍ത്ഥനാ ഹാളിന് നേരെ ഗ്രനേഡ് എറിഞ്ഞതെന്ന് ദൃക്സാക്ഷികള്‍ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു.
പഞ്ചാബ് പൊലീസിന്റെ ഹെല്പ് ലൈന്‍ നമ്പറില്‍ ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറാം. വിവരങ്ങള്‍ നല്‍കുന്നവരെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പുറത്തു വിടില്ലെന്ന് പൊലീസ് ഉറപ്പ് നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രി അപകടസ്ഥലം സന്ദര്‍ശിക്കും. മതപണ്ഡിതന് ഉള്‍പ്പെടെ മൂന്ന് പേര് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിന് തീവ്രവാദ സ്വഭാവമാണുള്ളതെന്ന് പൊലീസ് വ്യക്തമാക്കുന്നു.


