ബംഗളൂരു: 56 മണിക്കൂര്‍ മുഖ്യമന്ത്രിയായി, തുടര്‍ന്ന് അവിശ്വാസ പ്രമേയം അവതരിപ്പിക്കാതെ രാജി. രാജ്യം ഉറ്റുനോക്കിയ കര്‍ണ്ണാടക മുഖ്യമന്ത്രിപദം യെദിയൂരപ്പ രാജിവച്ചു. വികാരഭരിതമായ പ്രസംഗത്തിന് ശേഷം വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് യെദ്യൂരപ്പ പ്രസംഗം അവസാനിപ്പിച്ച് രാജി പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസും ജെ ഡി എസും അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കിയെന്നു യെദ്യൂരപ്പ ആരോപിച്ചു.
ജെ ഡി എസിനും കോണ്‍ഗ്രസിനും ഭൂരിപക്ഷം കിട്ടിയില്ല. അവര്‍ അവിശുദ്ധ കൂട്ടുകെട്ടിലൂടെയാണ് സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നത്. നിങ്ങള്‍ ജനങ്ങള്‍ക്ക് ശുദ്ധമായ കുടിവെള്ളം പോലും നല്‍കുന്നില്ല. കര്‍ഷകരെയും പിന്നോക്ക വിഭാഗക്കാരെയും സംരക്ഷിക്കാനായില്ല. കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നു.
ജനങ്ങളെ സേവിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. കര്‍ഷകര്‍ക്ക് കടാശ്വാസം നല്‍കണമെന്ന് ആഗ്രഹിച്ചു. ഈ ജീവിതം ഞാന്‍ ജനങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു. കൂടുതല്‍ സീറ്റല്ല. ജനഹിതമാണ് പ്രധാനം. ഇതെനിക്ക് പരിചയമുള്ളതാണ്. ജീവിതത്തില്‍ ഒരുപാട് പ്രശ്നങ്ങള്‍ നേരിട്ടിട്ടുണ്ട്. എന്റെ അവസാന ശ്വാസം വരെ ജനങ്ങള്‍ക്കായി പോരാടും. ബി ജെ പിയ്ക്ക് വോട്ടു ചെയ്യുക.ബി ജെ പിക്ക് ഏറ്റവും വലിയ കക്ഷിയാക്കുക – അദ്ദേഹം പറഞ്ഞു.


