ഡൽഹി: തൃണമൂൽ കോൺഗ്രസ് അംഗം ഇ-സിഗററ്റ് ഉപയോഗിച്ചെന്ന് ബിജെപി അംഗം അനുരാഗ് സിങ് താക്കൂര്‍ ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ലയോട് പരാതിപ്പെട്ടതിന് പിന്നാലെ പ്രസ്തുത എംപി മഹുവ മൊയ്ത്രയാണെന്ന തരത്തിലുള്ള രീതിയിൽ വാര്‍ത്തകൾ സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു. മഹുവ പാര്‍ലമെന്റിനുള്ളിൽ ഇ-സിഗരറ്റ് വലിക്കുന്നതായി കാണിക്കുന്ന വീഡിയോ ക്ലിപ്പ് ബിജെപി അനുകൂലിയായ ശശാങ്ക് സിങ് ഫാക്ട്സ് ( @BefittingFacts ) എന്ന എക്സ് അക്കൗണ്ടിലൂടെ പങ്കുവച്ചിരുന്നു.
ടിഎംസി എംപി മഹുവ മൊയ്ത്ര ‘ഇ-സിഗരറ്റ് വലിക്കുമ്പോൾ കയ്യോടെ പിടിക്കപ്പെട്ടു’ എന്ന അടിക്കുറിപ്പോടെ മറ്റൊരു അക്കൗണ്ടായ @su bhsays ഉം വീഡിയോ പങ്കിട്ടിരുന്നു. പോസ്റ്റ് പിന്നീട് നീക്കം ചെയ്തെങ്കിലും ഒരു ലക്ഷത്തിലധികം പേര് ഈ വീഡിയോ കണ്ടിരുന്നു. എന്നാൽ പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്നും ഡിസംബര്‍ 11ന് മഹുവെ പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ കൃഷ്ണനഗറിൽ മുഖ്യമന്ത്രി മമത ബാനർജിയോടൊപ്പം ‘പഠശ്രീ-രസ്തശ്രീ 4’ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലായിരുന്നുവെന്നും ആൾട്ട് ന്യൂസ് കണ്ടെത്തിയിരിക്കുകയാണ്.


