ന്യൂഡല്‍ഹി: ആധാര്‍ നമ്പര്‍, ബാങ്ക് അക്കൗണ്ടുമായും മൊബൈല്‍ നമ്പറുമായും ബന്ധപ്പെടുത്തുന്നത് നിര്‍ബന്ധമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍. നവീകരിച്ച നിയമത്തിന്റെ കരട് ലോക്സഭയില്‍ അവതരിപ്പിക്കും.
കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗം ഇത് സംബന്ധിച്ച മാറ്റങ്ങള്‍ക്ക് അംഗീകാരം നല്കി. ജനങ്ങള്‍ക്കു സേവനം നല്കാന് 12 അക്ക ആധാര്‍ നമ്പര്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്കു ആവശ്യപ്പെടാമെന്ന ആധാര്‍ നിയമത്തിലെ 57 -ാം വകുപ്പ് സൂപ്രീംകോടതി റദ്ദാക്കിയതിനെ തുടര്‍ന്നാണ് പുതിയ നിയമ നിര്‍മാണം. ആധാറിന് ഭരണഘടനാപരമായി സാധുതയുണ്ടെന്നായിരുന്നു സുപ്രീംകോടതിയുടെ ബഞ്ചിന്റെ ഭൂരിപക്ഷ വിധി. അതേസമയം ആധാറിന്റെ പേരില്‍ പൗരാവകാശം നിഷേധിക്കരുതെന്നും കോടതി പറഞ്ഞിരുന്നു.

