ന്യൂഡല്‍ഹി: പെഗാസസ് സ്പൈവെയര്‍ സൃഷ്ടിച്ച കോലാഹലങ്ങള്‍ കെട്ടടങ്ങും മുന്‍പ് വാട്സാപ്പില്‍ പുതിയ വൈറസ് ആക്രമണം. വാട്സാപ്പ് വഴി അയക്കുന്ന വിഡിയോ ഫയലുകളിലൂടെ ഫോണില്‍ മാല്‍വെയറുകള്‍ കടത്തിവിടാനാകുമെന്നാണ് പുതിയ കണ്ടെത്തല്‍. ഫോണ്‍ ഹാക്ക് ചെയ്തു വിവരങ്ങള്‍ ചോര്‍ത്താന്‍ ശേഷിയുള്ളവയാണ് വിഡിയോകള്‍ വഴി എത്തുന്ന ഈ വൈറസ്. സുരക്ഷാ ഭീഷണി വാട്സാപ്പ് സ്ഥിരീകരിച്ചു.
എംപി 4 ഫോര്‍മാറ്റിലുള്ള വിഡിയോകള്‍ വഴിയാണ് വൈറസ് ആക്രമണം. അതീവഗുരുതര സ്വഭാവമുള്ള റിമോട്ട് കോഡ് എക്സിക്യൂഷന് (ആര്‍സിഇ), ഡിനയല്‍ ഓഫ് സര്‍വീസ് (ഡിഒഎസ്) ആക്രമണങ്ങളാണ് ഹാക്കര്‍മാര്‍ നടത്തുന്നത്. ഫോണില്‍ ശേഖരിച്ച വാട്സാപ്പ് ഡാറ്റ പോലും കയ്യടക്കാന്‍ സാധിക്കും. വാട്സാപ്പ് മീഡിയാ ഫയലുകള്‍ ഒട്ടോഡൗണ്‍ലോഡ് ആക്കി വെച്ചത് ഹാക്കര്‍മാക്ക് ഫോണിലെത്താന്‍ എളുപ്പമാക്കും.
വാട്സാപ്പ് ആപ്ലിക്കേഷന്‍ ഉടന്‍ അപ്ഡേറ്റ് ചെയ്യാനാണ് അധികൃതര്‍ നിര്‍ദേശിക്കുന്നത്. ആന്‍ഡ്രോയ്ഡ്, ഐഫോണ്‍ ഉപയോക്താക്കള്‍ വാട്സാപ് പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്തു ഫോണ്‍ സുരക്ഷിതമാക്കണമെന്നു അധികൃതര്‍ ആവശ്യപ്പെട്ടു. മീഡിയ ഓട്ടോ ഡൗണ്‍ലോഡ് സംവിധാനം ഓഫ് ആക്കാനും അറിയാത്ത നമ്ബറുകളില്‍ നിന്നുള്ള മീഡിയ ഫയലുകള്‍ തുറക്കരുതെന്നും നിര്‍ദേശമുണ്ട്.


