സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷാ ഫൗണ്ടേഷനുമായി ബന്ധപ്പെട്ട ഹേബിയസ് കോർപസ് ഹർജിയിലെ നടപടികൾ അവസാനിപ്പിച്ച് സുപ്രീംകോടതി. ആശ്രമത്തിലെ രണ്ട് വനിതാ അന്തേവാസികളുടെ പിതാവ് നൽകിയ ഹേബിയസ് കോർപസ് ഹർജിയാണ് സുപ്രീം കോടതി തീർപ്പാക്കിയത്.
യോഗാ സെന്ററിനുള്ള തന്റെ പെണ്മക്കളെ കാണാൻ അനുവദിക്കുന്നില്ലെന്നും തടങ്കലിൽ പാർപ്പിച്ചിരിക്കുകയുമാണെന്നുള്ള പിതാവ് കാമരാജിൻന്റെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. ഒപ്പം ഫൗണ്ടേഷനെതിരെ നിലനിൽക്കുന്ന നിരവധി ക്രിമിനൽ കേസുകളും ലൈംഗിക പീഡനവും മോശം പെരുമാറ്റവും സംബന്ധിച്ച ആരോപണങ്ങളും അദ്ദേഹം കോടതിയിൽ ഉയർത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇഷ ഫൗണ്ടേഷനുമായി ബന്ധപ്പെട്ട ക്രിമിനൽ കേസുകളിൽ മദ്രാസ് ഹൈക്കോടതി റിപ്പോർട്ട് തേടിയതിന് തൊട്ടുപിന്നാലെ സെന്ററിൽ തമിഴ്നാട് പൊലീസ് റെയ്ഡും നടത്തിയിരുന്നു.
എന്നാൽ ഉത്തരവ് ഇഷാ ഫൗണ്ടേഷനുമായി ബന്ധപ്പെട്ട സംസ്ഥാന പൊലീസ് നടത്തുന്ന മറ്റ് അന്വേഷണങ്ങളെ ബാധിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഹർജി നൽകിയ വനിത അന്തേവാസികളുടെ പിതാവിന് ഇവരെ പൊലീസിനൊപ്പമല്ലാതെ ആശ്രമത്തിലെത്തി കാണമെന്നും കോടതി അറിയിച്ചു. ഹേബിയസ് കോർപസ് ഹർജിയിൽ വ്യക്തി താൽപര്യത്തിനപ്പുറം രാഷ്ട്രീയ താൽപര്യമുണ്ടോ എന്നും കോടതി വാക്കാൽ പരാമർശിച്ചു.


