ഗുവഹാത്തി: പിഴയടയ്ക്കാന്‍ പണം ഇല്ലാത്തതിനെ തുടര്‍ന്നു പതിനാറുകാരന് ആസാമില്‍ ജീവനൊടുക്കി. കുട്ടി സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി നിയമാനുസാരമല്ലാത്ത ഗ്രാമ കോടതി കുട്ടിയുടെ കുടുംബത്തിന് 42,000 രൂപ പിഴ ചുമത്തിയതിയിരുന്നു. ഇതേതുടര്‍ന്നാണ് കുട്ടി ജീവനൊടുക്കിയത്.
ആസാമിലെ ബോംഗൈഗാവ് ജില്ലയിലായിരുന്നു സംഭവം. സമീപത്തെ ഗ്രാമത്തിലേക്ക് സൈക്കിളില്‍ പോകുകയായിരുന്ന കുട്ടി രണ്ട് സ്ത്രീകളുടെ സമീപത്തേയ്ക്കു വീണു. ഇതോടെ തങ്ങളെ പീഡിപ്പിക്കാന്‍ കുട്ടി ശ്രമിച്ചുവെന്ന് ആരോപിച്ച് ഇവര്‍ ബഹളംവച്ചു. സ്ഥലത്തെത്തിയ നാട്ടുകാര്‍ കുട്ടിയെ പിടികുടുകയും മര്‍ദ്ദിക്കുകയും ചെയ്തു. പിന്നീട് ഗ്രാമത്തിലെ കോടതിയുടെ മുന്നിലെത്തിച്ചു.
കുട്ടിയുടെ മാതാപിതാക്കളെ വിളിച്ചുവരുത്തിയാണ് നിയമാനുസാരമല്ലാത്ത കോടതി പിഴ ചുമത്തിയത്. സംഭവത്തില്‍ മനംനൊന്ത കുട്ടി ട്രെയിന്റെ മുന്നില്‍ ചാടി ജീവനൊടുക്കുകയായിരുന്നു. റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഒരാളെ അറസ്റ്റു ചെയ്തുവെന്നും സംഭവത്തില്‍ അന്വേഷണം പുരോഗമിച്ചു വരികയാണെന്നും പോലീസ് അറിയിച്ചു.


