പനാജി: അന്തരിച്ച ഗോവന്‍ മുഖ്യമന്ത്രിയും മുന്‍ പ്രതിരോധ മന്ത്രിയുമായ മനോഹര്‍ പരീക്കറുടെ സംസ്കാര ചടങ്ങുകള്‍ ഇന്ന് വൈകിട്ട് പനാജിയില്‍ നടക്കും. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച ശേഷമാണ് സംസ്കാര ചടങ്ങുകള്‍ നടക്കുക. ദില്ലിയില്‍ പ്രത്യേക അനുശോചന യോഗം ചേര്‍ന്നതിന് ശേഷം പ്രാധാനമന്ത്രിയും മറ്റ് കേന്ദ്രമന്ത്രിമാരും ഗോവയിലെത്തും.

രാജ്യമെങ്ങും ദുഖാചരണത്തിന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട് .ഏറെ നാളായി അര്‍ബുദ ബാധിതനായിരുന്ന മനോഹര്‍ പരീക്കര്‍ ഇന്നലെ രാത്രിയാണ് വിടവാങ്ങിയത്. രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് മരണം സ്ഥിരീകരിച്ചത്. മൂന്ന് വട്ടം ഗോവ മുഖ്യമന്ത്രിയായ മനോഹര്‍ പരീക്കര്‍ മോദി മന്ത്രിസഭയില്‍ മൂന്ന് വര്‍ഷം പ്രതിരോധമന്ത്രിയുമായിരുന്നു. ഐഐടി ബിരുദധാരിയായ രാജ്യത്തെ ആദ്യ മുഖ്യമന്ത്രി കൂടിയായിരുന്നു മനോഹര്‍ പരീക്കര്‍.


