മുംബൈ: ടി-സീരീസ് ഉടമ ഭൂഷണ് കുമാറിനെതിരേ യുവതി ലൈംഗിക അതിക്രമ പരാതി നല്കി. എന്നാല്‍ മണിക്കൂറുകള്‍ക്കുശേഷം പരാതി പിന്‍വലിച്ചു. മുംബൈയിലെ ഓഷിവാര പോലീസ് സ്റ്റേഷനിലാണു യുവതി ബുധനാഴ്ച കൈപ്പടയില്‍ എഴുതി പരാതി നല്‍കിയത്.
എന്നാല്‍ വ്യാഴാഴ്ച പരാതി പിന്‍വലിക്കുന്നതായി അറിയിച്ച് യുവതി പോലീസിന് കത്തയയ്ക്കുകയായിരുന്നു. ജോലി വാഗ്ദാനം ചെയ്ത് ഭൂഷണ് കുമാര്‍ ലൈംഗികമായി ചൂഷണം ചെയ്തെന്നായിരുന്നു യുവതിയുടെ പരാതിയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ നിരാശയെ തുടര്‍ന്നാണ് താന്‍ പരാതി നല്‍കിയതെന്ന് യുവതി അടുത്ത ദിവസം തിരുത്തിപ്പറഞ്ഞു. ഭാവിയില്‍ ഇത്തരം തെറ്റായ പരാതികള്‍ ഭൂഷണ് കുമാറിനെതിരേ ഉന്നയിക്കില്ലെന്നും യുവതി പോലീസില്‍ നല്കിയ പരാതി പിന്‍വലിക്കല്‍ കത്തില്‍ പറയുന്നു. തനിക്കെതിരായ യുവതിയുടെ പരാതി കെട്ടിച്ചമച്ചതാണെന്നും കരുതിക്കൂട്ടി തന്റെ സല്‍പ്പേര് കളങ്കപ്പെടുത്താനുള്ള ശ്രമമാണെന്നും ഭൂഷണ് കുമാര്‍ പിടിഐ വാര്‍ത്താ ഏജന്‍സിയോടു പ്രതികരിച്ചു.

