ജയ്പൂര്‍: രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രിയായിരുന്ന വസുന്ധര രാജെ സിന്ധ്യ കോണ്‍ഗ്രസിന്റെ യുവ നേതാവ് ജ്യോതിരാദിത്യ സിന്ധ്യയെ കെട്ടിപ്പിടിച്ച് കവിളില്‍ ഉമ്മവച്ച് സ്നേഹം പങ്കിട്ടു. ഏതൊക്കെ പക്ഷത്ത് നിന്ന് എങ്ങനെയൊക്കെ ഏറ്റുമുട്ടിയാലും രക്തബന്ധത്തിന് മറ്റെന്തിനെക്കാളും ആഴമുണ്ടെന്ന് കൂടിയാണ് വസുന്ധര രാജെ സിന്ധ്യ വിളിച്ചു പറഞ്ഞത്.
ഗ്വോളിയോറിലെ രാജാവും കോണ്‍ഗ്രസിന്റെ ജനകീയ മുഖവുമായിരുന്ന മാധവ് റാവു സിന്ധ്യയുടെ കുടുംബാംഗങ്ങളാണ് ഇരുവരുമെന്നത് തന്നെയാണ് രക്തബന്ധം. മാധവ് റാവു സിന്ധ്യയുടെ സഹോദരിയാണ് വസുന്ധര. ജ്യോതിരാദിത്യയാകട്ടെ മകനും. മാധവ് റാവുവും മകനും കോണ്‍ഗ്രസിന്റെ കൈ പിടിച്ചപ്പോള്‍ വസുന്ധര താമരയ്ക്ക് പിന്നാലെ സഞ്ചരിക്കുകയായിരുന്നു. രാഷ്ട്രീയ ഗോദയില്‍ പരസ്പരം പോരടിക്കുമ്പോഴും കുടുംബ ബന്ധത്തിന്റെ ആഴം വസുന്ധരയും ജ്യോതിരാദിത്യയും കാത്തുസൂക്ഷിക്കുകയാണ്.

