ജമ്മു കശ്മീര്‍ : ജമ്മു കശ്മീരിലെ അനന്ത്നാഗില്‍ 100 മണിക്കൂര്‍ പിന്നിട്ട് ഭീകരവേട്ട. ഒരു പതിറ്റാണ്ടിനിടയില്‍ക്കണ്ട ഏറ്റവും ദൈര്‍ഘ്യമേറിയ സൈനിക ദൗത്യത്തില്‍ പാരാ കമാന്‍ഡോകളാണ് ഭീകരരുമായി നേരിട്ട് ഏറ്റുമുട്ടുന്നത്. ദുർഘടമായ ഭൂപ്രദേശവും മോശം കാലാവസ്ഥയുമാണ് ഓപ്പറേഷന് വെല്ലുവിളിയാകുന്നത്.ഗാരോള്‍ വനത്തില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്.
കൊടുംഭീകരൻ ഉസൈർ ഖാനടക്കം മൂന്നോ അഞ്ചോ ഭീകരർ മലയിടുക്കിലെ ഗുഹയിൽ ഉണ്ടെന്നാണ് വിലയിരുത്തല്‍. സൈന്യത്തിന്റെ ശക്തമായ തിരിച്ചടിയില്‍ ഭീകരര്‍ ഒളിവില്‍ കഴിയുന്നതിന് സമീപത്തുള്ള വനമേഖലയില്‍ നേരിയ തോതില്‍ തീപടര്‍ന്നു. ജമ്മു കശ്മീർ ഒരു പതിറ്റാണ്ടിനിടയിൽക്കണ്ട ഏറ്റവും നീണ്ട സൈനിക നീക്കമാണ് അനന്ത്നാഗിലേത്.
മുന്‍നിരയില്‍ സ്പെഷല്‍ ഫോഴ്സായ പാരാ കമാന്‍ഡോകള്‍, തൊട്ടു പിന്നാലെ രാഷ്ട്രീയ റൈഫിള്‍സും ജമ്മു കശ്മീര്‍ പൊലീസും.ആളില്ലാ വിമാനങ്ങളും ഡ്രോണുകളും സൈനിക ഹെലികോപ്റ്ററുകളും നിരന്തരം ആകാശ നിരീക്ഷണം നടത്തി വരികയാണ്. രാത്രിയുടെ മറവില്‍ ഭീകരര്‍ രക്ഷപ്പെടാതിരിക്കാനുള്ള മുന്കരുതലെടുത്തിട്ടുമുണ്ട്.
ഒരു കേണലും മേജറും ജമ്മു കശ്മീര്‍ പൊലീസിലെ ഡിഎസ്പിയുമടക്കം കൊല്ലപ്പെട്ട സൈനിക ഓപ്പറേഷന്, ഉടനടി അവസാനിപ്പിക്കാന്‍ ഉഗ്രശേഷിയുള്ള ആയുധങ്ങളാണ് സൈന്യം പ്രയോഗിക്കുന്നത്. അതിനിടെ കുപ്വാരയിൽ ഭീകരരുടെ ഒളിത്താവളം സുരക്ഷസേന കണ്ടെത്തി നശിപ്പിച്ചു. വലിയ ആയുധശേഖരവും പിടിച്ചെടുത്തു.


