ഗോള്‍ഡ് മെഡല്‍ ജേതാവായ വിദ്യാര്‍ഥിനിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് തടഞ്ഞ് വച്ചു. ബുര്‍ഖ ധരിച്ചെത്തിയതാണ് പ്രശ്നമായത്. റാഞ്ചിയിലെ മാര്‍വാരി കോളജിലാണ് സംഭവം. ബുര്‍ഖ ധരിച്ച് എത്തിയെന്ന് പറഞ്ഞ് കോളേജിലെ മികച്ച വിദ്യാര്‍ഥിനി നിഷാത്ത് ഫാത്തിമക്കാണ് ബിരുദം നിഷേധിച്ചത്. ഞായറാഴ്ച്ച നടന്ന ബിരുദദാന ചടങ്ങില്‍ പങ്കെടുക്കാന്‍ ബുര്‍ഖ ധരിച്ചാണ് നിഷാത്ത് ഫാത്തിമ എത്തിയത്. കോളേജിലെ തന്നെ മികച്ച വിദ്യാര്‍ഥിനി ആയതിനാല്‍ സ്വര്‍ണ മെഡല്‍ നല്‍കുന്നതിനായി ആദ്യം തന്നെ പേര് വിളിച്ചു.
എന്നാല്‍, ബുര്‍ഖ ധരിച്ചെന്ന് പറഞ്ഞ് ബിരുദ സര്‍ട്ടിഫിക്കറ്റ് നിഷേധിക്കുകയായിരുന്നു. അതേസമയം, കോളേജിലെ മറ്റ് ടോപ്പര്‍മാര്‍ക്ക് മെഡലുകളും വിദ്യാര്‍ഥികള്‍ക്ക് ബിരുദ സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു.
കോളേജില്‍ ഡ്രസ് കോഡ് നിര്‍ബന്ധമാക്കിയപ്പോള്‍ ബുര്‍ഖ പാരമ്പര്യ വസ്ത്രമായി അംഗീകരിച്ചിരുന്നതായി നിഷാത്തിന്റെ പിതാവ് മുഹമ്മദ് ഇക്രാമുല്‍ ഹഖ് പറഞ്ഞു.
കോളേജില്‍ ബുര്‍ഖ ധരിക്കുന്നത് വിലക്കിയ സംഭവം ഇതിന് മുമ്പും വിവാദമായിരുന്നു.