69ാം ജന്മദിനം ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലോകത്തിന്റെ നാനാഭാഗത്തുനിന്നും പിറന്നാള്‍ ആശംസകളും പൂജകളും. മോദിക്ക് പ്രത്യേക പൂജകള്‍ നടത്തി ഭാര്യ യശോദബെന്‍.
പശ്ചിമ ബംഗാളിലെ കല്യാണേശ്വരി ക്ഷേത്രത്തിലാണ് അവര്‍ മോദിക്കായി പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് യശോദബെന്‍ പശ്ചിമബംഗാള്‍ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന കല്യാണേശ്വരി ക്ഷേത്രത്തിലെത്തിയത്.
സഹോദരനും സെക്രട്ടറിക്കുമൊപ്പമെത്തിയ യശോദബെന്നിനെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് സ്വീകരിച്ചു. പൂജകള്‍ക്കായി 201 രൂപയാണ് യശോദ ബെന്‍ നല്‍കിയത്. ശിവ പ്രതിമയിലെ പ്രത്യേക പൂജകള്‍ക്ക് ശേഷം 101 രൂപ ദക്ഷിണയും നല്കി. ക്ഷേത്രത്തിലെ പൂജാരിയായ ബില്‍ട്ടു മുഖര്‍ജിയാണ് യശോദബെന്നിനായി പൂജകള്‍ ചെയ്തത്. കാളീ ദേവിക്കായി രാജാ ലക്ഷ്മണ് സെന്‍ നിര്‍മ്മിച്ച പ്രശസ്ത ക്ഷേത്രമാണ് അസന്‍സോളിലെ കല്യാണേശ്വരി ക്ഷേത്രം.
അതേസമയം, പിറന്നാള്‍ ദിനത്തില്‍ സ്വന്തം സംസ്ഥാനമായ ഗുജറാത്തിലാണ് മോദിയുള്ളത്. അഹമ്മദാബാദില്‍ എത്തിയ മോദി പതിവ് പോലെ അമ്മ ഹീരാബെന്നിനെ സന്ദര്‍ശിച്ചു. തിങ്കളാഴ്ച രാത്രിയോടെ മോദി അഹമ്മദാബാദില്‍ എത്തിയിരുന്നു. ഗുജറാത്ത് ഗവര്‍ണ്ണറും സംസ്ഥാന മുഖ്യമന്ത്രി വിജയ് രൂപാനിയും അദ്ദേഹത്തെ വിമാനത്താവളത്തിലെത്തി സ്വാഗതം ചെയ്തു.
സര്‍ദാര്‍ സരോവര്‍ അണക്കെട്ടും ഏകതാ പ്രതിമയും സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി വിവിധ പദ്ധതികളുടെ നിര്‍മാണ പുരോഗതികളും വിലയിരുത്തും. ‘നമാമി നര്‍മദാ മഹോത്സവം’ ഉദ്ഘാടനം ചെയ്ത് കേവഡിയായിലെ ചടങ്ങില്‍ വച്ചു ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കും. പ്രധാനമന്ത്രിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് ഗുജറാത്തിലെ വിദ്യാലയങ്ങളില്‍ പ്രത്യേക ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.


