ഗുജറാത്തില്‍ ചാന്തിപുര വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം എട്ടായി. മരിച്ചവരില്‍ ആറു കുട്ടികളും ഉൾപ്പെടുന്നതായി ഗുജറാത്ത് ആരോഗ്യവകുപ്പ് അറിയിച്ചു. 15 പേർ നിലവിൽ ചികിത്സയിൽ കഴിയുകയാണ്. ഗുജറാത്തിൽ അതീവ ജാഗ്രത നിർദേശം നൽകി. രാജസ്ഥാനിൽ നിന്ന് രണ്ട് രോഗികളും മധ്യപ്രദേശിൽ നിന്ന് ഒരാളും ചികിത്സ തേടിയതായി ആരോഗ്യമന്ത്രി റുഷികേശ് പട്ടേൽ പറഞ്ഞു.തിങ്കളാഴ്ച വരെ സംസ്ഥാനത്ത് ആകെ രോഗബാധിതരായ കുട്ടികളുടെ എണ്ണം പന്ത്രണ്ടായി. ചാന്ദിപുര വൈറസ് ഗുരുതരമായ എൻസെഫലൈറ്റിസ് (മസ്തിഷ്ക വീക്കം)ലേക്ക് നയിച്ചേക്കാം. കൊതുക്, ചെള്ള്, മണൽ ഈച്ചകൾ എന്നിവയിലൂടെയാണ് ചാന്ദിപുര വൈറസ് പടരുന്നത്.
കഴിഞ്ഞയാഴ്ച സബർകാന്ത ജില്ലയിലെ ഹിമത്നഗറിലെ സിവിൽ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധർ ചന്ദിപുര വൈറസാണ് നാല് കുട്ടികളുടെ മരണത്തിന് കാരണമായതെന്ന് തിരിച്ചറിഞ്ഞതോടെയാണ് വ്യാപനത്തിൽ ആശങ്കയുണ്ടാക്കാൻ തുടങ്ങിയത്. രോഗബാധിതരായ കുട്ടികൾ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. മെഡിക്കൽ സംഘങ്ങൾ 24 മണിക്കൂറും കുട്ടികളുടെ അവസ്ഥ നിരീക്ഷിക്കുന്നുണ്ട്. വൈറൽ പനിക്ക് സമാനമായ ലക്ഷണങ്ങൾ കാണിക്കുന്ന വൈറസ് ബാധ തലച്ചോറിനെയാണ് ബാധിക്കുക. അതീവ അപകടകാരിയാണ് ഈ വൈറസ്.


