ഗാസിപൂര്‍: ഗാസിപൂരിനടുത്ത് ഗംഗാ നദിയില്‍ നിന്നും മാതാപിതാക്കള്‍ ഉപേക്ഷിച്ച 22 ദിവസം പ്രായമുള്ള നവജാത ശിശുവിനെ കണ്ടെത്തി. പ്രദേശത്തുള്ള ഒരു വള്ളക്കാരന് ഗുല്ലു ചൗധരിക്കാണ് കുഞ്ഞിനെ കിട്ടിയത്. ഒരു ചെറിയ മരപ്പെട്ടിയില്‍ നദിയിലൂടെ ഒഴുകി പോകുന്ന സ്ഥിയിൽ ആണ് കുഞ്ഞിനെ കണ്ടെത്തിയത്. ഗംഗാ നദിയുടെ സമ്മാനമായാണ് കുഞ്ഞിനെ ലഭിച്ചതെന്നും അതിനാല്‍ തന്നെ കുഞ്ഞിനെ വളര്‍ത്താനാണ് തൻ്റെ തീരുമാനമെന്നും ഗുല്ലു ചൗധരി പറഞ്ഞു.
കുഞ്ഞിനെ ലഭിച്ച പെട്ടിയില്‍ നിന്നും കുറേയേറെ ദൈവങ്ങളുടെ ചിത്രങ്ങളും കുഞ്ഞിൻ്റെ ജാതകവും ലഭിച്ചിട്ടുണ്ട്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് കുഞ്ഞിനെ അടുത്തുള്ള ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കുഞ്ഞിൻ്റെ മികച്ച ഭാവിക്കു വേണ്ടതെല്ലാം സര്‍ക്കാര്‍ ഏറ്റെടുക്കും എന്ന് അറിയിച്ചു. കുഞ്ഞിനെ രക്ഷിച്ച വള്ളക്കാരനെ അഭിനന്ദിക്കുകയും സര്‍ക്കാരിൻ്റെ വിവിധ ക്ഷേമപദ്ധതികള്‍ കുഞ്ഞിന് ഭാവിയിൽ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും പറഞ്ഞു.
അതേ സമയം കുഞ്ഞിനെ ആര് വളര്‍ത്തും എന്ന ചോദ്യത്തിന് ഗാസിപൂര്‍ പൊലീസ് വ്യക്തമായ മറുപടി നല്‍കിയില്ല. കുഞ്ഞിൻ്റെ ആരോഗ്യം ശരിയാണെന്ന് ഉറപ്പു വരുത്തുകയാണ് ഇപ്പോള്‍ മുഖ്യമെന്നും മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.


