ചെന്നെെ: സ്വതന്ത്ര്യ ഇന്ത്യയിലെ ആദ്യ ഹിന്ദു തീവ്രവാദി നാഥുറാം ഗോഡ്സെ ആണെന്ന പരാമര്‍ശത്തിനെതിരെ സംഘപരിവാര്‍ സംഘടനകള്‍ രംഗത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി മക്കള്‍ നീതിമയ്യം പ്രസിഡന്റ് കമലഹാസന് രംഗത്തെത്തി. എല്ലാ മതങ്ങളിലും തീവ്രവാദികളുണ്ട്. നമ്മള് പുണ്യവാളനായി നടിക്കേണ്ടതില്ല. ഇത് ചരിത്രത്തില്‍ കാണാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കല്ലേറും ചെരിപ്പേറും കൊണ്ട് ഭയപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു. ഓരോ ദിവസം കഴിയുന്തോറും രാഷ്ട്രീയത്തിന്റെ നിലവാരം ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്നും ഇതൊന്നും വലിയ ഭീഷണിയായി തോന്നുന്നില്ലെന്നും ഭയപ്പെട്ട് പിന്മാറാന് ഉദ്ദേശമില്ലെന്നും കമലഹാസന്പറഞ്ഞു. കഴിഞ്ഞദിവസം കമല്‍ഹാസന്റെ തിരഞ്ഞെടുപ്പ് റാലിക്ക് നേരെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ചെരുപ്പെറിഞ്ഞിരുന്നു.
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഹിന്ദുവായ നാഥുറാം വിനായക് ഗോഡ്സെയാണെന്ന പ്രസ്താവനയില്‍ പ്രതിഷേധിച്ചായിരുന്നു കമലിന് നേരെ ആക്രമണം നടന്നത്. തമിഴ്നാട്ടിലെ മധുരയിലെ തിരുപ്പാറന്‍കുണ്ട്രം നിയമസഭാ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പു പ്രചരണം നടത്തവെ ആയിരുന്നു കമലിന് നേരെ ബി.ജെ.പി പ്രവര്‍ത്തകരുടെ ചെരുപ്പേറുണ്ടായത്.
ഗോഡ്സെക്കെതിരായ പ്രസ്താവനയുടെ പേരില്‍ കമലഹാസനെതിരേ പത്തിലേറെ കേസുകളാണുള്ളത്. ഹിന്ദുമുന്നണിക്ക് പുറമെ, ബി.ജെ.പി പ്രവര്‍ത്തകരും ഹൈന്ദവ സംഘടനകളും പരാതി നല്‍കിയിട്ടുണ്ട്. 50 ബി.ജെ.പി പ്രവര്‍ത്തകര്‍ ഒപ്പിട്ടുനല്‍കിയ പരാതിയില്‍ ചെന്നൈ മടിപ്പാക്കം പൊലീസും അഖിലഭാരത ഹിന്ദുമഹാസഭയുടെ പരാതിയില്‍ വിരുഗമ്ബാക്കം പൊലീസും കേസെടുത്തു.
അതേസമയം, തനിക്കെതിരേയുള്ള കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കമല്‍ നല്കിയ ഹര്‍ജിയില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്ന ആവശ്യം മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് തള്ളി. അവധിക്കാല ബെഞ്ചില്‍ കേസ് പരിഗണിക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കിയ കോടതി മുന്‍കൂര്‍ജാമ്യം തേടി ഹര്‍ജി നല്കാന് നിര്‍ദ്ദേശിച്ചു


