ഐസ്ക്രീമില് നിന്ന് ചത്ത പഴുതാരയെ കിട്ടിയതായി പരാതി. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം. മുംബൈ സ്വദേശിക്ക് ഐസ്ക്രീമില് നിന്നും മനുഷ്യവിരല്‍ കിട്ടിയതിന് പിന്നാലെയാണ് സ്റ്റഫ് ചെയ്ത ‘പഴുതാര’യുടെ വാര്‍ത്തയും പുറത്ത് വരുന്നത്.ഓൺലൈനിൽ ഓർഡർ ചെയ്ത അമുൽ വാനില മാജിക് ഫാമിലി പായ്ക്ക് ഐസ്ക്രീമിൽ നിന്ന് പഴുതാരയെ കണ്ടെത്തി. ഉത്തർ പ്രദേശ് നോയിഡയിൽ ദീപ എന്ന യുവതിക്കാണ് ഈ അനുഭവം ഉണ്ടായത്.
മാംഗോ ഷേക്ക് ഉണ്ടാക്കുന്നതിനായി 195 രൂപ വിലവരുന്ന വനില മാജിക് ടബ് ഇ–കൊമേഴ്സ് സ്റ്റോറായ ബ്ലിങ്കിറ്റ് വഴി ദീപ ഓര്‍ഡര്‍ ചെയ്യുകയായിരുന്നു. ഐസ്ക്രീം ബോക്സ് തുറന്നതും കറുത്ത എന്തോ തണുത്തുറഞ്ഞിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു.സംഭവം കണ്ട് ഞെട്ടിപ്പോയതായി യുവതി വീഡിയോയിൽ പറഞ്ഞു. സംഭവത്തിന് പിന്നാലെ യുവതി ഐസ്ക്രീം ഓർഡർ ചെയ്ത ആപ്പിൽ പരാതി നൽകി. തുടർന്ന് ബ്ലിങ്കിറ്റ് ഐസ്ക്രീമിൻ്റെ പണം തിരികെ നൽകി. ദീപയുടെ പരാതിയെ തുടർന്ന് അമുലിനെ വിവരം അറിയിച്ചതായി കസ്റ്റമർ കെയർ ഉദ്യോഗസ്ഥർ പറഞ്ഞു.ഐസ്ക്രീം ബോക്സ് തുറക്കുന്നത് മുതലുള്ള കാര്യങ്ങള്‍ വിഡിയോയില്‍ ചിത്രീകരിച്ച യുവതി ഇത് സമൂഹമാധ്യമങ്ങളിലും പങ്കുവച്ചു. ഏപ്രില്‍ 15 2024 ന് നിര്‍മിച്ചുവെന്നാണ് ഐസ്ക്രീം ടബിന്റെ പുറത്ത് എഴുതിയിരിക്കുന്നത്. ഒരു വര്‍ഷമാണ് കാലാവധി നല്‍കിയിരിക്കുന്നത്


