ബാബറി മസ്ജിദിന്റെ പേരില്ലാതെ എൻസിഇആർടി പുറത്തിറക്കിയ പുതിയ പ്ലസ് ടു പാഠപുസ്തകം. പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകത്തിൽ ബാബറി മസ്ജിദിന് പകരം മൂന്ന് മിനാരങ്ങൾ ഉള്ള കെട്ടിടം എന്നാണ് വിശേശിപ്പിച്ചിരിക്കുന്നത്. എൻസിഇആർടിയുടെ പുറത്തിറങ്ങിയ പുതിയ പ്ലസ് ടു പൊളിറ്റിക്സ് പാഠപുസ്തകത്തിലാണ് പരാമർശം.പതിനാറാം നൂറ്റാണ്ടിൽ നിർമ്മിച്ച പള്ളി എന്നായിരുന്നു എൻസിഇആർടിയുടെ പഴയ പാഠഭാഗത്തിലുണ്ടായിരുന്നത്. ബാബറി മസ്ജിദ് പൊളിച്ചതുമായി ബന്ധപ്പെട്ട പല കാര്യങ്ങളും പുതിയ ബുക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
ഗുജറാത്തിലെ സോമനാഥിൽ നിന്ന് അയോധ്യയിലേക്കുള്ള ബിജെപിയുടെ രഥയാത്ര, കർസേവകരുടെ പങ്ക്, 1992 ഡിസംബർ ആറിന് ബാബറി മസ്ജിദ് തകർത്തതിൻ്റെ പശ്ചാത്തലത്തിൽ ഉണ്ടായ വർഗീയ കലാപം,ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഏർപ്പെടുത്തിയ രാഷ്ട്രപതി ഭരണം, “അയോധ്യയിൽ നടന്ന സംഭവങ്ങളിൽ ഖേദം പ്രകടിപ്പിക്കുന്നു” എന്ന ബിജെപിയുടെ പ്രതികരണം തുടങ്ങിയ കാര്യങ്ങളൊന്നും തന്നെ പുസ്തകത്തിൽ ഇല്ല.നേരത്തെ ബാബരി മസ്ജിദ് പരമാർശിക്കുന്ന മറ്റ് മൂന്ന് ഭാഗങ്ങൾ എൻസിഇആർടി നീക്കം ചെയ്തിരുന്നു. 16-ാം നൂറ്റാണ്ടിൽ മുഗൾ ചക്രവർത്തിയായ ബാബറിൻ്റെ ജനറൽ മിർ ബാഖി പണികഴിപ്പിച്ച മസ്ജിദ് എന്നാണ് പഴയ പാഠപുസ്തകം ബാബറി മസ്ജിദിനെ പരിചയപ്പെടുത്തുന്നത്.


