തെലങ്കാനയില്‍ എത്തിയ മിസ് വേള്‍ഡ് മത്സരാര്‍ഥികളുടെ കാല് വോളന്റിയര്‍മാരായ സ്ത്രീകള്‍ കഴുകിയ സംഭവം വിവാദത്തില്‍. രാമപ്പ ക്ഷേത്രത്തിന് മുന്നില്‍ വച്ചായിരുന്നു സംഭവം. തെലങ്കാനസര്‍ക്കാര്‍ ഇന്ത്യന്‍ വനിതളുടെ ആത്മാഭിമാനത്തിന് ക്ഷതം വരുത്തിയതായി പ്രതിപക്ഷപാര്‍ട്ടികള്‍ ആരോപിച്ചു.
യുനെസ്കോയുടെ പൈതൃകപ്പട്ടികയില്‍ ഇടം നേടിയ രാമപ്പ ക്ഷേത്രം കാണാനെത്തിയതായിരുന്നു മിസ് വേള്‍ഡ് മത്സരാര്‍ഥികള്‍. ക്ഷേത്രത്തില്‍ പ്രവേശിക്കും മുന്‍പാണ് വേളന്റിയര്‍മാരായ സ്ത്രീകള്‍ കാല്‍കഴുകി തുടച്ചുനല്‍കിയത്. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ബിജെപിയും ബിആര്‍എസും രേവന്ത് റെഡ്ഡി സര്‍ക്കാരിനെതിരെ രംഗത്തെത്തി. കൊളോണിയല്‍ അടിമത്വം കാണിക്കുന്ന ചടങ്ങാണെന്നും സ്ത്രീകളെ അപമാനിച്ചെന്നും ഇരുകൂട്ടരും കുറ്റപ്പെടുത്തി.
സര്‍ക്കാര്‍ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ബിആര്‍എസ് വനിതാ നേതാക്കള്‍ സോണിയാ ഗാന്ധിക്ക് കത്തയച്ചു. ആചാരപ്രകാരമുള്ള ചടങ്ങായിരുന്നു എന്ന് മിസ് വേള്‍ഡ് ഓര്ഗനൈസേഷന് സമൂഹമാധ്യമക്കുറിപ്പില്‍ പറയുന്നു. ആതിഥ്യമര്യാദയുടെ ഭാഗമായാണ് മത്സരാര്‍ഥികളുടെ കാല് കഴുകിയതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. മെയ് 31 ന് ഹൈദരാബാദിലാണ് മിസ് വേള്‍ഡ് മത്സരം.