സാമ്പത്തിക പാക്കേജിന്റെ നാലാംഘട്ടം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുന്ന പുതിയ മേഖലകളിലെ പരിഷ്കാരങ്ങളെ കുറിച്ചുള്ളതാണെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്. എട്ടു മേഖലകളില്‍ ഘടനാപരമായ പരിഷ്കരണങ്ങള്‍ കൊണ്ടുവരും. ഉല്പാദനം, തൊഴില്‍ സാധ്യതകള്‍, നിക്ഷേപം തുടങ്ങിയവ വര്‍ധിക്കുന്നതിന് ഉതകുന്നതായിരിക്കും പരിഷ്കാരങ്ങള്‍.
സംസ്ഥാനങ്ങളിലെ നിക്ഷേപ സാധ്യതകള്‍ക്കനുസരിച്ചുള്ള പട്ടിക തയ്യാറാക്കും. ഖനി, പ്രതിരോധം, പരിസ്ഥിതി, എയര്‍പോര്‍ട്ട്, ഉര്‍ജവിതരണ കമ്പനികള്‍, ബഹിരാകാശം, അണുശക്തി എന്നിവയാണ് എട്ട് മേഖലകള്‍. പരിഷ്കരണത്തിലൂടെ കൂടുതല്‍ നിര്‍മാണം, കൂടുതല്‍ തൊഴില്‍, വിദേശ നിക്ഷേപം എന്നിവയാണ് ലക്ഷ്യമിടുന്നത്. ആഗോള വെല്ലുവിളി നേരിടാന്‍ എല്ലാ മേഖലയിലും സ്വയംപര്യാപ്തത കൈവരിക്കുകയാണ് ഉദ്ദേശിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.
പ്രതിരോധ ഉല്പാദന മേഖലയില്‍ വിദേശനിക്ഷേപ പരിധി 49 ശതമാനത്തില്‍നിന്ന് 74 ശതമാനമാക്കി ഉയര്‍ത്തും. സുരക്ഷാ പരിശോധനയ്ക്കു ശേഷം മാത്രമേ വിദേശ കമ്പനികള്‍ക്ക് അനുമതി നല്‍കൂ. ഗുണനിലവാരത്തിന്റെ കാര്യത്തില്‍ മാനദണ്ഡങ്ങള്‍ പരിഷ്കരിക്കും. പ്രതിരോധ വ്യവസായത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരും, ആയുധനിര്‍മാണത്തില്‍ രാജ്യം സ്വയംപര്യാപ്തമാകും. സ്വന്തമായി ഉല്പാദിപ്പിക്കാവുന്ന ആയുധങ്ങള്‍ ഇറക്കുമതി ചെയ്യില്ല. കല്‍ക്കരി മേഖലയില്‍ പശ്ചാത്തല സൗകര്യവികസനത്തിനായി അമ്പതിനായിരം കോടി രൂപ നിക്ഷേപിക്കുമെന്നും മന്ത്രി പറഞ്ഞു.


