ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ ബധേര്‍വയില്‍ കന്നുകാലികളുമായി പോയ യുവാവിനെ അജ്ഞാത സംഘം വെടിവച്ചു കൊന്നു. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. നയീം ഷായാണ് കൊല്ലപ്പെട്ടത്. ഷായ്ക്കൊപ്പമുണ്ടായിരുന്നയാള്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റു. ഗോസംരക്ഷകരാണ് യുവാവിനെ കൊലപ്പെടുത്തിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. യുവാവിന്റെ ബന്ധുകള്‍ ബധേര്‍വ പോലീസ് സ്റ്റേഷന് ഉപരോധിക്കുകയും വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തു. ഇതേതുടര്‍ന്നു പോലീസ് കണ്ണീര് വാതകം പ്രയോഗിച്ചു. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കേസ് അന്വേഷണം ആരംഭിച്ചതായും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പോലീസ് അറിയിച്ചു.

