ജമ്മു കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിലുണ്ടായ സ്ഫോടനത്തിൽ ഏഴുപേർ മരിച്ചു. 27 പേർക്ക് പരുക്കേറ്റു. പൊലീസുകാരും, ഫൊറൻസിക് ഉദ്യോഗസ്ഥരുമാണ് മരിച്ചവരിൽ ഭൂരിഭാഗവും. ഇന്നലെ രാത്രിയോടെയായിരുന്നു അപകടം ഉണ്ടായത്. പൊലീസ് സ്റ്റേഷൻ കെട്ടിടത്തിനും പരിസരത്തിനുള്ളിലെ നിരവധി വാഹനങ്ങൾക്കും കനത്ത നാശനഷ്ടങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. FSL സംഘവും തഹസിൽദാറും ചേർന്ന് നേരത്തെ ഫരീദാബാദിലെ വൈറ്റ് കോളർ ഭീകരസംഘത്തിന്റെ കൈയിൽ നിന്ന് പിടികൂടിയ 300 കിലോ സ്ഫോടക വസ്തു പരിശോധിക്കുന്നതിനിടയാണ് അപകടം ഉണ്ടായത്. പിടിച്ചെടുത്ത അമോണിയം നൈട്രേറ്റ് ആണ് പൊട്ടിത്തെറിച്ചത്. അപകടത്തിൽ നായിബ് തഹസിൽദാറും കൊല്ലപ്പെട്ടു. പരുക്കേറ്റ 5 പേരുടെ നില അതീവ ഗുരുതരം.
ഇന്നലെ രാത്രി 11.20ഓടെയായിരുന്നു സംഭവം. പരിശോധനയ്ക്കായി സാമ്പിൾ ശേഖരിക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. ശ്രീനഗറിലേക്ക് കൊണ്ടുപോയ സ്ഫോടക വസ്തുക്കളിൽ ഒരു ഭാഗം പൊലീസ് ഫോറൻസിക് ലാബിലേക്ക് അയച്ചിരുന്നെങ്കിലും 360 കിലോ പരിശോധനയ്ക്കായി പൊലീസ് സ്റ്റേഷനിലാണ് സൂക്ഷിച്ചിരുന്നത്. പൊട്ടിത്തെറിയുടെ കാരണം സംബന്ധിച്ച് വ്യക്തമല്ല. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
സ്ഫോടനം ഭീകരാക്രമണമല്ലെന്ന് ജമ്മു കശ്മീർ പൊലീസ് സ്ഥിരീകരിച്ചു. സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ചതാണെന്ന് പൊലീസും സൈന്യവും വിശദീകരിച്ചു. ശ്രീനഗറിലെ പ്രധാന പൊലീസ് സ്റ്റേഷൻ ആയതിനാൽ ഏത് സമയവും നിരവധി പൊലീസുകാരുണ്ടാകുന്ന സ്റ്റേഷനാണിത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണവും പരിശോധനയും തുടരുകയാണ്.


