ദില്ലി: കഴിഞ്ഞ മൂന്ന് വർഷത്തിനിടെ രാജ്യത്തെ വിവിധ എയിംസ് ആശുപത്രികളിൽ നിന്ന് 429 ഡോക്ടർമാർ രാജിവെച്ച് സ്വകാര്യമേഖലയിൽ ജോലിക്ക് ചേർന്നതായി കണക്കുകൾ. കൂട്ടരാജി ഏറ്റവും കൂടുതലുണ്ടായത് ദില്ലി എയിംസിലാണ് (52). ഒരു കാലത്ത് മികച്ച ഡോക്ടർമാർക്ക് ജോലി ചെയ്യാനായി തിരഞ്ഞെടുക്കുന്ന സ്ഥലമായിരുന്ന ദില്ലി എയിംസിൽ നിന്ന് ഇത്രയധികം ആളുകൾ ഒഴിഞ്ഞുപോയത് ആശങ്കയുണ്ടാക്കുന്നു.
ദില്ലി എയിംസിൽ മാത്രമല്ല, മറ്റ് എയിംസുകളിലും സമാനമായ സ്ഥിതിയാണ്. റിഷികേഷ് എയിംസിൽ നിന്ന് 38 ഡോക്ടർമാരും, റായ്പൂരിൽ നിന്ന് 35 പേരും, ബിലാസ്പൂരിൽ നിന്ന് 32 പേരും, മംഗലഗിരിയിൽ നിന്ന് 30 പേരും, ഭോപ്പാലിൽ നിന്ന് 27 പേരും രാജിവെച്ചു. ദില്ലി എയിംസിലെ ആയിരത്തിലധികം വരുന്ന ഡോക്ടർമാരിൽ നിന്ന് ഉന്നത സ്ഥാനങ്ങളിൽ നിന്നുള്ളവരാണ് രാജിവെച്ചവരിൽ ഏറെയും.
ഡിപ്പാർട്ട്മെൻ്റ് മേധാവികൾ, സെൻ്റർ ചീഫുകൾ, സീനിയർ പ്രൊഫസർമാർ എന്നിവരാണ് രാജിവെച്ചവരിൽ അധികവും. മുൻ എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ ഉൾപ്പെടെ നിരവധി പ്രമുഖ ഡോക്ടർമാർ രാജിവെച്ചവരിൽ ഉൾപ്പെടുന്നു. ഡോ. ഗുലേറിയ ഇപ്പോൾ ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ ജോലി ചെയ്യുകയാണ്. കാർഡിയോളജി വിഭാഗം മുൻ മേധാവി ഡോ. ശിവ് ചൗധരി ഫോർട്ടിസ് എസ്കോർട്ടിലും, ന്യൂറോസർജറി മുൻ മേധാവി ഡോ. ശശാങ്ക് ശരദ് കാലെ അപ്പോളോയിലും ചേർന്നു.


