ന്യൂഡല്‍ഹി: പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധവിനെതിരെ കേരള ജനതയുടെ ഒറ്റക്കെട്ടായുള്ള പ്രതിഷേധം ഉയരണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി എം.പി. പ്രധാനമന്ത്രി വിളിച്ചുചേര്‍ക്കുന്ന മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ എല്ലാ മുഖ്യമന്ത്രിമാരും ഒറ്റക്കെട്ടായി പെട്രോള്‍ ഡീസല്‍ വിലവര്‍ദ്ധന പിന്‍വലിക്കണമെന്ന് ആവശ്യപ്പെടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജനങ്ങളൊട്ടാകെ ലോക്ഡൗണിന് ശേഷം ദുരിതത്തിലാണ്. ഇതിനിടെയാണ് തുടര്‍ച്ചയായ എട്ടാം ദിവസവും പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ലോക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷം, കഴിഞ്ഞ മൂന്ന് മാസം കൊണ്ട് 2.5 ലക്ഷം കോടി രൂപയാണ് കേന്ദ്രസര്‍ക്കാരിന് ഇന്ധനവില വര്‍ദ്ധനവിലൂടെ മാത്രം ലഭിച്ച വരുമാനം.
ലോക്ഡൗണ്‍ മൂലം കഷ്ടപ്പെടുന്ന എല്ലാവിഭാഗം ജനങ്ങള്‍ക്കും സാമ്പത്തിക സഹായം നല്‍കണമെന്ന ആവശ്യവും കൃഷിക്കാര്‍, ചെറുകിട വ്യാപാരികള്‍, പരമ്പരാഗത വ്യവസായികള്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മൊറട്ടോറിയം കാലയളവിലെ പലിശയ്ക്ക് ഇളവ് നല്‍കണമെന്ന ആവശ്യവും ശക്തമായി ഉയര്‍ന്നിട്ടുണ്ട്. ഈ രണ്ട് ന്യായമായ ആവശ്യങ്ങള്‍ക്ക് നേരെയും മുഖം തിരിഞ്ഞു നില്ക്കുന്ന സര്‍ക്കാരാണ് ഒരു ന്യായീകരണവുമില്ലാത്ത നിലയില്‍ പെട്രോളിന്റെയും ഡീസിലിന്റെയും വിലവര്‍ദ്ധിപ്പിക്കുന്നത്. ഇത് ക്രൂരതയാണ്; പകല്‍ക്കൊള്ളയാണ്. കേരള ജനത ഒന്നാകെ ഇതിനെതിരെ പ്രതിഷേധിക്കണമെന്ന് എ.കെ.ആന്റണി ആവശ്യപ്പെട്ടു.


