ന്യൂഡല്‍ഹി: സൈനികരുടെ ധീരതയില്‍ വിശ്വാസമുണ്ടെന്നും അവര്‍ക്ക് തിരിച്ചടിക്കാന്‍ പൂര്‍ണമായ സ്വാതന്ത്രം നല്‍കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി. പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തില്‍ 45 സൈനികര്‍ വീരമൃത്യുവരിച്ച സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഭീകരതയെ ഒരേ സ്വരത്തില്‍ നേരിടണം. അക്രമികളും അവര്‍ക്കു പിന്നിലുള്ളവരും കനത്ത വില നല്‍കേണ്ടിവരും. സൈന്യത്തിന്റെ ശൗര്യത്തിലും ധൈര്യത്തിലും പൂര്‍ണവിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയെ അസ്ഥിരപ്പെടുത്താനുള്ള പാകിസ്ഥാന്റെ ശ്രമം നടക്കില്ല. സൈന്യത്തിനു പൂര്‍ണ സ്വാതന്ത്രമാണു നല്‍കിയിരിക്കുന്നത്. ലോകത്തുനിന്ന് ഒറ്റപ്പെട്ടു നില്‍ക്കുകയാണ് നമ്മുടെ അയല്‍ക്കാര്‍. തന്ത്രങ്ങളിലൂടെയും ഗൂഢാലോചനയിലൂടെയും ഇന്ത്യയെ അസ്ഥിരപ്പെടുത്താമെന്നാണ് അവര്‍ കരുതുന്നത്. അങ്ങനെയാണെങ്കില്‍ അവര്‍ ചെയ്യുന്നതു വലിയ തെറ്റാണ്. ഭീകരാക്രമണമുണ്ടായപ്പോള്‍ അപലപിക്കുകയും ഇന്ത്യയ്ക്കു പിന്തുണ അറിയിക്കുകയും ചെയ്ത എല്ലാ രാഷ്ട്രങ്ങള്‍ക്കും അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.