ഭുവനേശ്വർ∙ മരിച്ചെന്നു കരുതി സംസ്കാരച്ചടങ്ങുകൾ നടക്കുന്നതിനിടെ മധ്യവയസ്കൻ ശവമഞ്ചത്തിൽനിന്ന് എഴുന്നേറ്റു. ചിതയിലേക്ക് വയ്ക്കുന്നതിനു തൊട്ടുമുൻപാണ് 52കാരനായ സിമഞ്ചൽ മാലിക്ക് ശവമഞ്ചത്തില്‍ നിന്നും എഴുന്നേറ്റത്. ഒഡിഷയിലാണു ലൗഖലയിലാണു സംഭവം.
ഇടിമിന്നലേറ്റു മരിച്ചെന്നു കരുതി ബന്ധുക്കളും ഗ്രാമവാസികളും ചിതയിലേക്കു എടുക്കുന്നതിനു തൊട്ടുമുൻപ് മാലിക്കിന് ബോധം തെളിയുകയായിരുന്നു. വനത്തിനുള്ളിൽ ആടുമേയ്ക്കാൻ പോയ മാലിക് അവിടെവച്ച് ബോധരഹിതനായി. തുടർന്ന് ഗ്രാമവാസികളും ബന്ധുക്കളും നടത്തിയ തിരച്ചിലിൽ കാട്ടിനുള്ളിൽ അബോധാവസ്ഥയിൽ കിടക്കുന്ന ഇയാളെ കണ്ടെത്തി.
മരിച്ചെന്നു കരുതി ശ്മശാനത്തിലേക്ക് എത്തിച്ച് ചിതയിലേക്ക് ഏടുക്കുന്നതിനു തൊട്ടു മുൻപ് ബോധം വന്ന മാലിക് ശവമഞ്ചത്തിൽ നിന്നും എഴുന്നേൽക്കുകയായിരുന്നു. ഇതു കണ്ട കുടുംബാംഗങ്ങളും ഗ്രാമവാസികളും ഭയന്നു പിന്നോട്ടുമാറി. കടുത്ത പനി ബാധിച്ചിരിക്കെയാണ് ആടിനെ മേയ്ക്കാൻ മാലിക് കാട്ടിൽ പോയത്. വസ്ത്രങ്ങൾ അഴിച്ചു മാറ്റുന്നതിനിടെ ബോധം തിരിച്ചു കിട്ടിയെന്ന് മാലിക് പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.


